വ്യാജങ്ങൾ പ്രചരിപ്പിച്ച് പിന്തുടർന്ന് ആക്രമിക്കുന്നു; ഷോൺ ജോർജിനെതിരെ ടി.വീണ പരാതി നൽകി, പിണറായിയുടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ നല്‍കിയ പരാതിയിൽ ബിജെപി നേതാവ് പി.സി. ജോർജിൻ്റെ മകൻ ഷോണിനെതിരേ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് വീണയ്‌ക്കെതിരേ ഷോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചാണ് പരാതി. തന്റെ പിതാവും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

കനേഡിയന്‍ കമ്പനി ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം, വ്യാജ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചുമത്തിയത്.

വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി വാര്‍ത്തയാക്കി.. ഷോണിനെ ഒന്നാം പ്രതിയാക്കിയും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജസ് സ്‌കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

More Stories from this section

family-dental
witywide