വാഷിങ്ടൺ: യു കെയിലെ ലേബർ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് രംഗത്ത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ യു കെയിലെ ലേബർ പാർട്ടി ഇടപെടുന്നുവെന്ന പരാതിയാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി ബന്ധപ്പെട്ട് ഫെഡറൽ ഇലക്ഷൻ കമീഷന് ട്രംപ് പരാതിയും നൽകി.
ഡൊമോക്രാറ്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിനെ വിജയിപ്പിക്കാൻ ലേബർ പാർട്ടി ശ്രമിക്കുകയാണെന്ന ആരോപണമാണ് ട്രംപ് ഉയർത്തിയത് .ഈയാഴ്ചയുടെ തുടക്കത്തിലാണ് ഇതുസംബന്ധിച്ച പരാതി ട്രംപ് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
യു കെയിലെ മാധ്യമവാർത്തകളും ലേബർ പാർട്ടിയും കമല ഹാരിസും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് ട്രംപ് പരാതി നൽകിയിരിക്കുന്നത്. ലേബർ പാർട്ടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതാണ് ഡോണൾഡ് ട്രംപിന്‍റെ പ്രധാന ആരോപണം.