
ദില്ലി: ‘ശക്തി’ വിവാദത്തിൽ ബി ജെ പിക്ക് തിരിച്ചടിയുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ തിരിച്ചടി. വെറുപ്പിന്‍റെ അസുരശക്തിക്കെതിരെയാണ് തന്‍റെയും കോണ്‍ഗ്രസിന്‍റെയും പോരാട്ടമെന്നും രാഹുല്‍ വിവരിച്ചു. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ ന്യായ് യാത്ര സമാപനത്തിനിടയിലെ രാഹുലിന്‍റെ ‘ശക്തി’ പരാമർശം ബി ജെ പി ആയുധമാക്കുന്നതിനിടെയാണ് അസുര ശക്തി പ്രയോഗത്തിലൂടെയുള്ള തിരിച്ചടി.
അതേസമയം ഇന്നലെ രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനെതിരെ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശം ഹിന്ദുമത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതും പരസ്പര വൈരം വളർത്തുന്നതുമാണെന്നാണ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലായിരുന്നു രാഹുൽ ‘ശക്തി’ പരാമർശം നടത്തിയത്.
തങ്ങളുടെ പോരാട്ടം മോദിക്കെതിരെ മാത്രമല്ല ഒരു ‘ശക്തി’ക്കെതിരെ ആണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ശക്തിയെന്നത് കൊണ്ട് ഉദ്ദേശിച്ചത് അധികാരകേന്ദ്രത്തെയാണെന്നും രാഹുൽ വിശദീകരിച്ചിരുന്നു.എന്നാൽ രാഹുലിന്‍റെ ‘ശക്തി’ പരാമർശത്തിനെതിരെ അന്ന് തന്നെ ബി ജെ പി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രാഹുലിനെ വിമർശിക്കുകയും ചെയ്തു. രാഹുലിന്‍റെ പരാമർശം ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നാണ് മോദിയടക്കമുള്ളവർ ആരോപിച്ചത്. ഓരോ സ്ത്രീയും അമ്മയും പെങ്ങളും ‘ശക്തി’യാണെന്നും അവരെ എതിര്‍ക്കുകയാണ് ‘ഇന്ത്യ’ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
We are fighting against ‘Asura Shakti’ Congress leader Rahul Gandhi hit back PM Modi












