‘ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമാണ ഹബ്ബ്’; ഭയന്നിട്ടാണ് പ്രതികരിക്കാത്തത്; എരഞ്ഞോളി സ്ഫോടനത്തിൽ അയൽവാസി

കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വേലായുധന്റെ അയൽവാസി സീന. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും, ഭയന്നിട്ടാണ് പലരും മിണ്ടാതിരിക്കുന്നതെന്നും ആരെങ്കിലും പറഞ്ഞാൽ അവരുടെ വീടുകൾ ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും സീന പറഞ്ഞു.

പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു.

സീനയുടെ വാക്കുകള്‍ ഇങ്ങനെ..,”പാർട്ടിക്കാർ ഇതിന് മുമ്പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. പത്തുപതിനഞ്ച് വർഷം മുമ്പേ ഇതുണ്ട്. ഇപ്പോൾ ഒരാൾ മരിച്ചപ്പോൾ പുറത്തുവന്നു. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. ആരെങ്കിലും പറഞ്ഞാൽ അവരുടെ വീടുകൾ ബോംബെറിഞ്ഞ് നശിപ്പിക്കും. ഞാൻ പറയുന്നത് എനിക്ക് വേണ്ടിയല്ല, ഈ നാട്ടിലെ എല്ലാ ആളുകൾക്കും വേണ്ടിയാണ്. ഞങ്ങൾ സാധാരണക്കാരാണ്, ഞങ്ങൾക്ക് ജീവിക്കണം. മരിച്ചത് ഒരു സാധാരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികൾക്ക് ഇവിടെ കളിക്കണം,”സീന പറഞ്ഞു.

More Stories from this section

family-dental
witywide