നിലമ്പൂർ പോരിന് 10 പേർ, ചിത്രം വ്യക്തമായി; അപരന്മാരടക്കം പിന്മാറി, പിവി അൻവറിന് ചിഹ്നം കത്രിക, ആത്മവിശ്വാസത്തോടെ സ്ഥാനാർഥികൾ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 4 പേർ പത്രികകൾ പിൻവലിച്ചതോടെ നിലമ്പൂർ പോരിന് 10 പേരാണ് രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ എം എൽ എ പി വിഅൻവർ കത്രിക ചിഹിനത്തിലാകും ഇത്തവണ പോരടിക്കുക.

കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ചിഹ്നമായി ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിലാണ് പുതിയ ചിഹ്നം ഇക്കുറി അൻവറിന് നൽകിയത്. കത്രികയും കപ്പും സോസറും അടക്കമുള്ള ചിഹ്നങ്ങളിൽ നിന്നാണ് കത്രിക ലഭിച്ചത്. തിരഞ്ഞെടുപ്പ് പത്രികക്കൊപ്പം മൂന്ന് ചിഹ്നങ്ങളായിരുന്നു അന്‍വര്‍ ആവശ്യപ്പെട്ടത്. ഒന്നാമതായി ഓട്ടോറിക്ഷയും രണ്ടാമതായി കത്രികയും മൂന്നാമതായി കപ്പും സോസറുമാണ് അപേക്ഷിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നം അനുവദിക്കുകയായിരുന്നു.

അതേസമയം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ചിത്രം വ്യക്തമായതിന് പിന്നാലെ സ്ഥാനാർഥികൾ പങ്കുവച്ചത്. എൽ ഡി എഫിനായി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജും യു ഡി എഫിനായി മുൻ എം എൽ എ ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്തുമാണ് പോരിനിറങ്ങിയിട്ടുള്ളത്. മോഹന്‍ ജോര്‍ജാണ് ബി ജെ പി സ്ഥാനാര്‍ഥി. ഇടതുപാളയം ഉപേക്ഷിച്ചിറങ്ങിയ പി വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.