
ഒമാഹ: അമേരിക്കയിലെ നെബ്രാസ്‌കയിലെ ഒമാഹയില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പരിശോധനയ്‌ക്കെത്തിയ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ)ഉദ്യോഗസ്ഥര്‍ നേരിട്ടത് വന്‍ പ്രതിഷേധം. ഒമാഹയിലെഒരു മാംസ പ്ലാന്റില്‍ നടന്ന ഐസിഇ റെയ്ഡിനിടെ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പരിശോധയില്‍ നിരവധി തൊഴിലാളികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രതിഷേധ കടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടുകയും ചെയ്തു.
ഞായറാഴ്ച രാവിലെ 9 മണിയോടെ തെക്കന്‍ ഒമാഹയിലെ ഗ്ലെന്‍ വാലി ഫുഡ്‌സില്‍ പരിശോധന നടത്തവെയാണ് ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിഷേധം നേരിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുസില്‍ അനധികൃതമായി താമസിച്ചിരുന്നതായി ആരോപിച്ച് ഇവിടുത്തെ 70 ലധികം തൊഴിലാളികളെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
‘യുഎസില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലാതെ നിരവധി വിദേശികളെ വന്‍തോതില്‍ ജോലിക്കെടുത്തതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്’ റെയ്ഡ് നടത്തിയതെന്നും പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിനുശേഷം നെബ്രാസ്‌കയിലെ ഏറ്റവും വലിയ ‘വര്‍ക്ക്സൈറ്റ് എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്‍’ ആണിതെന്നും ഐസിഇ ഉദ്യോഗസ്ഥരെ ഉദ്ധരിപ്പ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.