‘ആളില്ലാത്തിടത്ത് ബോംബിടാൻ ഇറാനെ അനുവദിച്ച ഖത്തർ ഭരണാധികാരിക്ക് നന്ദി’, ‘ബഷാരത് അൽ ഫത്തേ’യെ രൂക്ഷമായി പരിഹസിച്ച് ട്രംപ്, ‘ഇനി സമാധാനമാകാം’

ന്യൂയോർക്ക്: അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’ ഓപ്പറേഷന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രൂക്ഷമായ പരിഹാസം. എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്നാണ് ഇറാന്‍റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് പറഞ്ഞത്. ആളില്ലാത്തിടത്ത് ബോംബിടാൻ ഇറാനെ അനുവദിച്ച ഖത്തർ ഭരണാധികാരിക്ക് നന്ദിയെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ച്.

ഇറാൻ ആക്രമണം ദുർബലമെന്നും ഇറാൻ നേരത്തെ വിവരം നൽകിയെന്നും യു എസ് പ്രസിഡന്‍റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്‍റെ 14 മിസൈൽ വന്നു, അതിൽ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ട് പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ തിരിച്ചടിയിൽ ആർക്കും പരിക്കില്ല, നാശനഷ്ടമില്ലെന്നും ട്രംപ് പരിഹസിച്ചു. ഖത്തറിന്റെ സഹായത്തോടെ തടിയൂരിയെന്ന പരിഹാസവും ഇറാനെതിരെ അമേരിക്കൻ പ്രസിഡന്‍റ് മുന്നോട്ടുവച്ചു. ഇറാന്‍റെ ബോംബ് വീഴാൻ അനുവദിച്ച ഖത്തറിനും നന്ദി പറഞ്ഞ് ട്രംപ്, ഖത്തർ പൗരന്മാർക്കും പരിക്കില്ലെന്നതടക്കം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ‘ബഷാരത് അൽ ഫത്തേ’ ഓപ്പറേഷനെ പരിഹസിച്ചത്.

ഖത്തർ ഭരണാധികാരിക്ക് നന്ദി പറഞ്ഞ ട്രംപ്, മേഖലയിലെ സമാധാനത്തിനായി ചെയ്ത എല്ലാറ്റിനും നന്ദിയെന്നും വിവരിച്ചു. ഇനി ഇറാനും ഇസ്രായേലിനും സമാധാനം ആകാമെന്നും പശ്ചിമേഷ്യയിലെ ആശങ്ക ഒഴിയുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide