സഖാവിനെ കാത്ത് ആലപ്പുഴ; സംസ്‌കാരം വൈകിട്ട് വലിയചുടുകാട്ടില്‍; ‘വീട്ടിലെത്താന്‍’ 50 കിലോമീറ്ററിലേറെ താണ്ടണം; വിലാപയാത്രയുടെ വേഗം കൂട്ടി

ആലപ്പുഴ: ജനസാഗരങ്ങളെ താണ്ടി വി.എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര നീങ്ങുന്നു. ആലപ്പുഴയെത്താന്‍ ഇനിയും 50 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടതിനാല്‍ വിലാപ യാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. നേരം പുലര്‍ന്നിട്ടും വിലാപയാത്രയ്ക്ക് ആലപ്പുഴ ജില്ലയിലേക്ക് കടക്കാനായില്ല.

വി.എസ് അച്യുതാനന്ദന്റെ സംസ്‌കാരം വൈകിട്ട് ആലപ്പുഴ നഗരത്തിനടുത്തുള്ള വലിയചുടുകാട്ടില്‍ നടക്കും. രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും കൃത്യസമയം പാലിക്കാനാകാത്തത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ വിലാപയാത്ര ഓച്ചിറയിലെത്തിയിട്ടുണ്ട്. ജന്മനാടായ ആലപ്പുഴയില്‍ വി.എസിനെ കാത്തിരിക്കുന്ന ജനങ്ങളെ നിരാശരാക്കാതെ കഴിയും വേഗത്തില്‍ പൊതു ദര്‍ശനം നടത്താനാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. സംസ്‌കാരം വൈകിട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും സമയക്രമം എങ്ങനെ പാലിക്കാനാവുമെന്ന് ആശങ്കയുണ്ട്. 11 മണി മുതല്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ അന്തിമോപചാരമാര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം. വിയോഗ വിവരമറിഞ്ഞ് ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും, ഇന്നലെ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍ എത്തിയിരുന്നു.