താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ ശ്വേത മേനോന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി അൻസിബ ഹസ്സൻ. ഈ വിവാദങ്ങളിൽ യഥാർത്ഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് അൻസിബ വെളിപ്പെടുത്തി. സംഘടനയുടെ ആഭ്യന്തര രീതികൾക്ക് അനുസരിച്ച് പരാതി പരിശോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും ‘അമ്മ’യിൽ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന നിലപാടിലാണ് താനെന്നും അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു. ടിനി ടോം തനിക്കെതിരെ പറഞ്ഞതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ അംഗത്വം റദ്ദാക്കണമെന്നും അന്‍സിബ ഹസന്‍ ആവശ്യപ്പെട്ടു.
‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു വനിതാ അംഗം തനിക്കെതിരെ പോലീസിൽ വ്യാജപരാതി നൽകിയതിനെത്തുടർന്ന് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായി അൻസിബ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നത്. അവിടെ വലിയ രീതിയിലുള്ള പീഡനമാണ് (Harassment) നേരിടേണ്ടി വന്നതെന്നും അതിന്റെ കടുത്ത മാനസിക ആഘാതത്തിൽ (Trauma) നിന്നും താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും താരം തുറന്നുപറഞ്ഞു.
തനിക്കെതിരെ ഇല്ലാത്ത പരാതി നൽകിയ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ സംഘടന ശക്തമായ നടപടി സ്വീകരിക്കണമെന്നും എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും പിരിച്ചുവിട്ടാൽ അത്രയും നല്ലതാണെന്നും, തന്നെ നിരന്തരം വേട്ടയാടുന്ന നിലപാടാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അൻസിബ തുറന്നടിച്ചു.
Actress Ansiba Hassan Retaliates, Says Conspiracy Was Hatched Against Her and Expresses No Faith in AMMA Leadership











