
തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പിതാവിൻ്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പൂർണ്ണരൂപം ഉപയോഗിച്ചത് വലിയ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും അദ്ദേഹം പിതാവിൻ്റെ പേര് ചേർത്ത് ചൊല്ലിയത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘ദാമോദര മേനോൻ’ എന്ന പേര് ആവർത്തിച്ചത് ജാതിപ്പേര് ഉയർത്തിക്കാട്ടുന്നതാണെന്ന രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഔദ്യോഗിക രേഖകളിലുള്ള തൻ്റെ പൂർണ്ണമായ പേരാണ് സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചതെന്നും, മാതാപിതാക്കളുടെ പേര് അത്തരം ഒരു വേദിയിൽ പറയുന്നത് തനിക്ക് അഭിമാനമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ നിലപാട് അടിവരയിടുന്നതായിരുന്നു എംഎൽഎയായുള്ള അദ്ദേഹത്തിൻ്റെ ഇന്നത്തെ സത്യപ്രതിജ്ഞയും.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. പ്രോടെം സ്പീക്കര്‍ ജി.സുധാകരനു മുന്നിലാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. ഇംഗ്ലിഷിലും കന്നഡ ഭാഷയിലും അംഗങ്ങള്‍ സത്യവാചകം ചൊല്ലി. ചരിത്രത്തിൽ ആദ്യമായി മൂന്ന് ബി ജെ പി അംഗങ്ങൾ ഇക്കുറി സഭയിലുണ്ട്. ബിജെപിയുടെ ഭാഗത്തുനിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറാണ്. പിതാവ് ഉമ്മന്‍ചാണ്ടിയുടെ ചിത്രമുള്ള ടീഷര്‍ട്ടും ധരിച്ചാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ എത്തിയത്. പിണറായി വിജയന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര്‍ ജി.സുധാകരന് ഹസ്തദാനം ചെയ്തു. ഇരുവരും ചിരിയോടെയാണു സംസാരിച്ചത്. സ്പീക്കറുടെ കസേരയില്‍നിന്ന് എഴുന്നേറ്റ് തൊഴുത സുധാകരന്റെ തോളില്‍തട്ടിയാണ് പിണറായി സംസാരിച്ചത്.
29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ചർച്ച നടക്കും.
After becoming the Chief Minister, V.D. Satheesan also took oath as an MLA; ‘Damodara Menon’ repeated with his name














