
ദോഹ: അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളും തിരിച്ചടികളും മുൻപത്തേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഖത്തർ സർവകലാശാലയിലെ ഗൾഫ് രാഷ്ട്രീയം വിഷയത്തിലെ ഗവേഷകനുമായ ലൂസിയാനോ സക്കാറ. മുൻ മാസങ്ങളിൽ ആക്രമണങ്ങൾ നടക്കുമ്പോഴും പശ്ചാത്തലത്തിൽ നയതന്ത്ര ചർച്ചകൾ സജീവമായിരുന്നുവെന്നും, സൈനിക നീക്കങ്ങൾ നയതന്ത്രത്തിന്റെ അവസാനമല്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ഇത്തവണ ഇറാനിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു സന്ദേശം നൽകാനാണ് ട്രംപ് ശ്രമിക്കുന്നത്. കൂടുതൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുമെന്ന ഭീഷണിയാണ് അദ്ദേഹം ഉയർത്തുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളുടെ ഫലം കാണാൻ ഏറെ സമയമെടുക്കും. അതിനാൽ സമ്മർദ്ദം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ആക്രമണം കടുപ്പിക്കുന്നത്. സാമ്പത്തിക നടപടികളും ശക്തമായ ആക്രമണങ്ങളും ഒരുമിച്ച് കൊണ്ടുപോയി ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ ചർച്ചകളിൽ ഒട്ടും താൽപ്പര്യമില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
നിലവിൽ യുഎസ് സൈനികമായി ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്താൻ ശ്രമിക്കുകയാണോ അതോ ചർച്ച മേശയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സൈനിക വിജയത്തിന് ആവശ്യമായ അത്രയും വലിയ സന്നാഹങ്ങൾ അവർ നിലവിൽ ഉപയോഗിക്കുന്നില്ല. നയതന്ത്രവും സൈനിക നീക്കങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു പുതിയ സാഹചര്യത്തിലൂടെയാണ് നിലവിൽ കാര്യങ്ങൾ കടന്നുപോകുന്നതെന്നും സക്കാറ വിലയിരുത്തി.














