രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ആരോപണം, അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി; കേസ് യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഏറ്റെടുക്കും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം ഉത്തർപ്രദേശ് പൊലീസ് നേരിട്ടോ അതല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നാണ് കോടതി നിർദ്ദേശം. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കാൻ ഹർജിക്കാരന് അനുമതി നൽകിയ കോടതി, ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നീക്കം. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും ഇമെയിലുകളും തന്റെ കൈവശമുണ്ടെന്നാണ് ഹർജിക്കാരന്റെ അവകാശവാദം. രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം നേരത്തെ പ്രത്യേക എംപി/എംഎൽഎ കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വാദത്തിനിടെ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ അതീവ രഹസ്യമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ച കോടതി, കേന്ദ്രത്തെ കൂടി കക്ഷി ചേർത്ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കാവുന്ന ഈ പൗരത്വ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.

Allahabad High Court orders probe into Rahul Gandhi’s citizenship row; UP Police or central agency to investigate

Also Read

More Stories from this section

family-dental
witywide