
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സന്നദ്ധസേവനം നടത്തിവന്നിരുന്ന അമേരിക്കൻ ഡോക്ടർക്ക് മാരകമായ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. കോംഗോയിലെ ബുനിയ നഗരത്തിലുള്ള ന്യായങ്കുണ്ടെ ആശുപത്രിയിൽ 2023 മുതൽ സേവനമനുഷ്ഠിക്കുന്ന ഡോ. പീറ്റർ സ്റ്റാഫോർഡിനാണ് രോഗം ബാധിച്ചത്. രോഗികളിൽ നിന്ന് നേരിട്ടാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഭാര്യയും (ഇവരും ഒരു ഡോക്ടറാണ്) മറ്റൊരു സഹപ്രവർത്തകനും നിലവിൽ നിരീക്ഷണത്തിലാണ്. ഇവരിൽ ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രദേശത്തുണ്ടായിരുന്ന മറ്റ് ആറ് അമേരിക്കൻ പൗരന്മാരെക്കൂടി നിരീക്ഷണത്തിനായി ഇവിടെ നിന്നും മാറ്റാൻ സിഡിസി തീരുമാനിച്ചിട്ടുണ്ട്.
വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടം കർശന യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച, യു.എസ് പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. യു.എസ് സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രഖ്യാപിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ ഈ മൂന്ന് രാജ്യങ്ങളിൽ യാത്ര ചെയ്തവർക്കാണ് യു.എസിലേക്ക് പ്രവേശന വിലക്കുള്ളത്. എന്നാൽ ഈ താൽക്കാലിക വിലക്ക് യു.എസ് പൗരന്മാർ, ഗ്രീൻ കാർഡ് ഉടമകൾ, യു.എസ് സൈനികർ എന്നിവർക്ക് ബാധകമായിരിക്കില്ലെന്ന് സി.ഡി.സി വ്യക്തമാക്കി. പ്രാഥമികമായി 30 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെഡിക്കൽ മിഷനറി സംഘടനയായ ‘സെർജ്’, യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) എന്നിവരാണ് തിങ്കളാഴ്ച രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഡോക്ടറെ അടിയന്തരമായി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ട്.
സാധാരണയായി എബോള ബാധകളിൽ കണ്ടുവരുന്ന ‘സയർ’ (Zaire) വകഭേദത്തിന് പകരമായി, അതീവ അപകടകാരിയും അപൂർവ്വവുമായ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന എബോള വൈറസ് വകഭേദമാണ് ഇവിടെ പടരുന്നത്. ഈ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക പ്രതിരോധ ചികിത്സകളോ ലഭ്യമല്ല എന്നത് ആരോഗ്യ ലോകത്തെ വലിയ ആശങ്കയിലാക്കുന്നുണ്ട്. 2007-ൽ ഉഗാണ്ടയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ട് തവണ മാത്രമാണ് ഈ വകഭേദത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ആശങ്ക ഉയർത്തി രോഗവ്യാപനം
കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലുമായി ഇതിനകം 250-ലധികം ആളുകളിൽ രോഗബാധ സംശയിക്കുന്നുണ്ട്. രോഗം ബാധിച്ച് 80-ഓളം മരണങ്ങൾ നടന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 24-ന് ബുനിയയിലെ ഒരു ആരോഗ്യപ്രവർത്തകൻ മരണപ്പെട്ടതോടെയാണ് ഈ രോഗവ്യാപനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
രോഗം പടരുന്ന ബുനിയ നഗരത്തിലെ ഉയർന്ന ജനസാന്ദ്രതയും ആളുകളുടെ നിരന്തരമായ യാത്രകളും രോഗം വേഗത്തിൽ പടരാൻ കാരണമാകുന്നു. കോംഗോയ്ക്ക് പുറമെ അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം ഇതിനകം പടർന്നുപിടിച്ചിട്ടുണ്ട്. മേഖലയിൽ സായുധ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ മൂലം ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര സഹായത്തോടെ രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും വിവിധ അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികളും.
American doctor in Congo tests positive for Ebola: WHO declares global emergency, bans travel to US from three African countries















