
ന്യൂഡൽഹി: മറ്റ് രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ. ഇന്ത്യയുമായുള്ള ദീർഘകാല നയതന്ത്രബന്ധത്തിൻ്റെ കരുത്താണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇറാൻ പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി വ്യക്തമാക്കി. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര-സാംസ്കാരിക ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടന്ന ചർച്ചകളും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണവും ഈ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള വിശ്വാസത്തിൻ്റെ പ്രതീകമായാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയെ ഇറാൻ കാണുന്നത്.
46,000 മെട്രിക് ടൺ ചരക്കുമായി ഭൂരിഭാഗവും ഇന്ത്യൻ ജീവനക്കാരുള്ള ‘എംടി സർവ് ശക്തി’ എന്ന എൽപിജി കപ്പൽ സുരക്ഷിതമായി ഈ മേഖല പിന്നിട്ടതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മെയ് 13-ന് കപ്പൽ വിശാഖപട്ടണത്ത് എത്തും. രാഷ്ട്രീയവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ വരും ദിവസങ്ങളിൽ ഇന്ത്യ-ഇറാൻ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Bilateral relations strengthen: Iran announces special concessions for India in the Strait of Hormuz















