ഹാന്റാവൈറസ്; ക്രൂയിസ് കപ്പലിൽ യാത്ര ചെയ്ത കാനഡക്കാരന് രോഗബാധ സ്ഥിരീകരിച്ചു

ഒട്ടാവ: ഏപ്രിലിൽ ഹാന്റാവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തിരുന്ന ഒരു കാനഡക്കാരന് രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് ഇറങ്ങിയ ശേഷം വാങ്കൂവർ ദ്വീപിൽ നിരീക്ഷണത്തിൽ കഴിയുന്ന നാല് പേരിൽ ഒരാളാണ് രോഗബാധിതൻ. ഇയാൾക്ക് നേരിയ രോഗലക്ഷണങ്ങളാണ് ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

കാനഡയിലെത്തിയതിന് ശേഷം ഈ നാല് പേരും പൊതുജനങ്ങളുമായി യാതൊരു സമ്പർക്കവും പുലർത്തിയിട്ടില്ലെന്ന് പ്രവിശ്യയുടെ മുഖ്യ ആരോഗ്യ ഉദ്യോഗസ്ഥ ബോണി ഹെൻറി അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. എല്ലാവരും ക്രൂയിസ് യാത്രക്കാരാണ്. കപ്പലിൽ യാത്ര ചെയ്ത മൂന്ന് പേർ മരിച്ചതായും, ഇവരിൽ രണ്ട് പേർക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ രോഗബാധ “പ്രാഥമികമായി പോസിറ്റീവ്” ആയതായി കണ്ടെത്തിയെങ്കിലും ദേശീയ മൈക്രോബയോളജി ലബോറട്ടറിയുടെ അന്തിമ സ്ഥിരീകരണം ഇനി ലഭിക്കാനുണ്ടെന്ന് ബോണി ഹെൻറി പറഞ്ഞു.

കോവിഡ്, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങളിൽ നിന്ന് ഹാന്റാവൈറസ് പൂർണമായും വ്യത്യസ്തമാണെന്നും, ഇതിന് മഹാമാരിയായി പടരാനുള്ള സാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡച്ച് കപ്പലിലുണ്ടായിരുന്ന ആറ് കാനഡക്കാരിൽ രണ്ട് പേർ ഒന്റാരിയോയിലെ സ്വന്തം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. മറ്റ് രണ്ട് ദമ്പതികൾ വാങ്കൂവർ ദ്വീപിലുണ്ട്. ഇവരിൽ ഒരാൾ ബ്രിട്ടീഷ് കൊളംബിയയിലും മറ്റൊന്ന് യുകോൺ പ്രദേശത്തുനിന്നുമുള്ളവരാണ്. രോഗബാധ സ്ഥിരീകരിച്ചയാൾ യുകോണിൽ നിന്നുള്ളയാളാണെന്ന് അധികൃതർ അറിയിച്ചു. മറ്റുള്ള അഞ്ച് പേർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് യാത്രതിരിച്ച ക്രൂയിസ് കപ്പൽ കഴിഞ്ഞ ആഴ്ച സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനെറിഫിൽ എത്തിച്ചേർന്നതോടെയാണ് 23 രാജ്യങ്ങളിൽ നിന്നുള്ള 147 യാത്രക്കാരും ജീവനക്കാരും കപ്പൽ വിട്ടിറങ്ങി നിരീക്ഷണത്തിലായത്. ലോകാരോഗ്യ സംഘടന ഓരോ യാത്രക്കാരനും 42 ദിവസത്തെ നിരീക്ഷണം ശുപാർശ ചെയ്തിട്ടുണ്ട്. കാനഡക്കാരോട് ആദ്യം 21 ദിവസത്തെ നിരീക്ഷണം നിർദേശിച്ചിരുന്നെങ്കിലും ഇത് ഇനി നീട്ടാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഹാന്റാവൈറസ് സാധാരണയായി എലികളിലൂടെയാണ് പകരുന്നത്. എന്നാൽ ദക്ഷിണ അമേരിക്കയിൽ നിന്നുള്ള ചില യാത്രക്കാർക്ക് ബാധിച്ചതായി കരുതുന്ന “ആൻഡീസ്” വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പനി, അത്യന്തം ക്ഷീണം, മാംസപേശി വേദന, വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.വ്യാപകമായ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

Canadian from hantavirus-hit cruise ship tests positive

More Stories from this section

family-dental
witywide