എഫ്സിആർഎ ഭേദഗതി ബില്ലിൽ ഉറച്ച് കേന്ദ്രം; ക്രൈസ്തവ സഭാ നേതൃത്വം അമിത് ഷായെ കണ്ടെങ്കിലും ഫലമില്ല

ന്യൂഡൽഹി: കേന്ദ്രസർക്കാർ വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ ഉടൻ പാസാക്കാൻ നീക്കം നടത്തവേ, ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ക്രൈസ്‌തവ സഭാ നേതൃത്വങ്ങൾ. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യാ പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടെങ്കിലും ബിൽ പിൻവലിക്കുമെന്ന സൂചനയൊന്നും ലഭിച്ചില്ല.

എഫ്സിആർഎ ലൈസൻസ് പുതുക്കാത്തതിൻ്റെ പേരിൽ പിടിച്ചെടുക്കുന്ന ആസ്തികൾക്ക് മുൻകാല പ്രാബല്യം ബാധകമാക്കുന്നത് വേണ്ടെന്നുവെക്കാമെന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്ന് സി.ബി.സി.ഐ. പ്രതിനിധികൾ വ്യക്തമാക്കി. ബിൽ പൂർണമായും പിൻവലിക്കുകയോ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയോ വേണമെന്ന് അവസാന കൂടിക്കാഴ്ചയിൽ അവർ ആവശ്യപ്പെട്ടിരുന്നു

സി.ബി.സി.ഐ. സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, ഡി.എം.കെ. എം.പി. ഡോ. പി. വിത്സൺ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. ഈ മാസം 12-ന് ലോക്‌സഭയിലും രാജ്യസഭയിലും ഒരുമിച്ച് ബിൽ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. മിസോറം മുഖ്യമന്ത്രി ലാൽ ദുഹോമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ബില്ലിലുള്ള ആശങ്കകൾ അറിയിച്ചിട്ടുണ്ട്.

Central stands firm on FCRA Amendment Bill; meeting between Christian church leadership and Amit Shah yields no results.

More Stories from this section

family-dental
witywide