ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: 17 കാരന്റെ ജാമ്യം റദ്ദാക്കില്ല, ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ കോടതി തള്ളി

ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യക്തമാക്കി. അപകടത്തിൽ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് പതിനേഴുകാരന് ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിട്ടത്. അപ്പീലുകളിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് ചോദിച്ച കോടതി, ഗുരുതര കുറ്റമല്ലെങ്കിൽ ജുവനൈലിനെതിരെ ഉടൻ എഫ്ഐആർ ഇടാനാകില്ലെന്നും ഓർമിപ്പിച്ചു. കേസിൽ എഫ്ഐആർ നിലനിൽക്കില്ലെന്നും പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ഇതിനിടെ കേസിൽ പതിനേഴുകാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് ഇദ്ദേഹം സഹകരിക്കുന്നുണ്ടെന്നും ആറു മണിക്കൂർ ചോദ്യം ചെയ്തു കഴിഞ്ഞെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി വാഹനമോടിക്കുന്ന ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതിവേഗതയിൽ കാറോടിക്കുന്നതിന്റെ റീൽസ് ചിത്രീകരിക്കാനാണ് രാത്രി വൈകി ഇയാൾ വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അപകടം നടക്കുന്നതിന് മുൻപ് ഇയാൾ 104 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് രണ്ട് കോടതികളിലും പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട ദിവസമായി കേസ് മാറി.

Cheranalloor Benz Accident Case: Court Refuses to Cancel Bail of 17-Year-Old

Also Read

More Stories from this section

family-dental
witywide