
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ തർക്കം രൂക്ഷമായിരിക്കേ വി.ഡി സതീശൻ നിലപാട് കടുപ്പിച്ചതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശൻ. മറ്റേതെങ്കിലും വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയായി ഇരിക്കാൻ താനില്ലെന്നും വെറും എംഎൽഎ ആയി തുടരാൻ തയ്യാറാണെന്നും വിഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, നേരത്തേ കെ. സുധാകരൻ മുന്നോട്ടുവെച്ചതും ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതുമായ സമവായ ഫോർമുല സതീശൻ തള്ളിക്കളഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകി ഒത്തുതീർപ്പിലെത്തുകയും ചെയ്യാനാണ് ഈ ഫോർമുലയിലൂടെ ശ്രമിച്ചത്. എന്നാൽ, ഇത്തരം ഒത്തുതീർപ്പുകൾക്ക് താനില്ലെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാൾ മുഖ്യമന്ത്രിയായാൽ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സതീശൻ പക്ഷം ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ, എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയുടെ കാര്യത്തിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കമുള്ളത്. ഭൂരിഭാഗം നേതൃത്വത്തിൻ്റെയും എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുന്നു.
എംഎൽഎമാരുടെ പിന്തുണ നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. 2021-ലെ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സമയത്ത് രമേശ് ചെന്നിത്തലയ്ക്കായിരുന്നു കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നത്. എന്നാൽ, ഹൈക്കമാൻഡ് സതീശനെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിലെ പ്രതിസന്ധിയിലും ഹൈക്കമാൻഡിന്റെ തീരുമാനമാകും അന്തിമം.
Chief Ministerial dispute in Congress; VD Satheesan will not join the cabinet if he does not get the Chief Ministerial post













