
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവേകും ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിരുന്നില്ല.
ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ വിവേക് കിരണിനെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം അഡ്മിനിസ്ട്രേറ്റർക്കൊപ്പം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്തി. ഉപദേവതാലയങ്ങളിലും കാര്യാലയ ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എന്നാൽ, സന്ദർശനത്തിനിടെയുണ്ടായ ചില സംഭവങ്ങൾ വിവാദത്തിന് വഴിവെച്ചു. വിവേക് കിരണിൻ്റെയും കുടുംബത്തിൻ്റെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ പൊലീസ് തടയുകയും ദൃശ്യങ്ങൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യാൻ ആവ്യപ്പെടുകയുമായിരുന്നു. സ്വകാര്യ സന്ദർശനമായതിനാൽ ദൃശ്യങ്ങൾ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ഗുരുവായൂരിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിൻ്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. മാധ്യമപ്രവർത്തകനെ തടഞ്ഞ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Chief Minister’s son Vivek Kiran visits Guruvayur temple; Controversy over stopping journalist who was filming















