
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ. വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് പാർട്ടി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സി.ജെ.പി. നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും. ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികൾക്കാണ് പാർട്ടി രൂപം നൽകുന്നത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ചത്തെ സമയപരിധിയാണ് സി.ജെ.പി. സർക്കാരിന് നൽകിയിരിക്കുന്നത്. രാജി ഉണ്ടായില്ലെങ്കിൽ ഈ മാസം 13 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും, വരും ദിവസങ്ങളിൽ പ്രതിഷേധം എങ്ങനെയൊക്കെ വേണമെന്ന കാര്യത്തിൽ പാർട്ടിയിൽ ആലോചനകൾ തുടരുകയാണെന്നും വക്താക്കൾ അറിയിച്ചു. അതേസമയം, പരീക്ഷാ നടത്തിപ്പ് വിവാദത്തിൽ പ്രതിഷേധം അണപൊട്ടുമ്പോഴും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കുന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. പരീക്ഷാ നടത്തിപ്പ് സ്വയംഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും, അതിൽ പാളിച്ചയുണ്ടായാൽ മന്ത്രി എങ്ങനെ ഉത്തരവാദിയാകുമെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചത്.
ജന്തർ മന്തറിൽ സി.ജെ.പി. സംഘടിപ്പിച്ച ആദ്യ പരസ്യപ്രതിഷേധത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള പാർട്ടിയുടെ വെബ്സൈറ്റ് ഹർജിയിൽ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് കോടിയോളം ഫോളോവേഴ്സുള്ള സി.ജെ.പി. യുവാക്കളുടെ വലിയ പങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. എന്നാൽ സി.ജെ.പി.യുടെ സമരങ്ങളോട് അകലം പാലിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സ്വന്തം നിലയ്ക്ക് യൂത്ത് കോൺഗ്രസ് വഴി സമരം നടത്തുന്നുണ്ടെന്നും തൽക്കാലം മറ്റൊരു കൂട്ടായ്മയുടെ ഭാഗമാകേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
CJP to Launch Nationwide Protests: Abhijit Deepke to Lead Campaign if Education Minister Fails to Resign














