രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം ‌

സെക്രട്ടറിയായി രത്തന്‍ യു ഖല്‍ക്കറിനെ നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നും ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്നും വിഡി സതീശൻ മന്ത്രിസഭാ യോഗത്തിൽ തന്നെ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വാദത്തെ രമേശ് ചെന്നിത്തലയും പിന്തുണച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ‌‌ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതാണ് കാര്യം. കേരളത്തിൽ അങ്ങനെ ഉണ്ടായി എന്ന് സിപിഐഎമ്മിനോ ബിജെപിക്കൊ ആക്ഷേപമുണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. ഇലക്ഷൻ അദ്ദേഹം മാനിപ്പുലേറ്റ് ചെയ്തെന്നു ആർക്കെങ്കിലും അന്ന് ആരോപണം ഉണ്ടായിരുന്നോ. എസ്ഐആറിനെ കുറിച്ച് കേരളത്തിലെ സിഇഒയേ ബന്ധപ്പെടുത്തി ആക്ഷേപം ഉണ്ടായിരുന്നോ. ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എങ്ങനെയാണു ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ സിഇഒമാർ റിട്ടയർ ചെയ്യുകയാണോ. നളിനി നെറ്റോ എങ്ങനെ ആയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.സംസ്ഥാനത്തെ ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം മാറ്റം അടിയന്തര സാഹചര്യത്തിലെന്നു വിശദീകരണം. ഭരണപരമായ സൗകര്യത്തിന് അനുസരിച്ചു മാത്രമാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥ മാറ്റം പൂർത്തിയായിട്ടില്ല. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു പൂർത്തിയാക്കും. ഇപ്പോൾ നടത്തിയത് താൽകാലിക മാറ്റങ്ങൾ മാത്രം. കഴിഞ്ഞ പത്തു വർഷം ക്യാബിനറ്റിൽ ചർച്ച ചെയ്താണോ ഉദ്യോഗസ്ഥ മാറ്റം നടത്തിയിരുന്നതെന്നും ആലോചിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാർ 14 പ്രാവശ്യം ഇവരെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കാൻ പോയിട്ടുണ്ട്. 14 പ്രാവശ്യം ഇത് അന്വേഷിക്കാത്ത ആളുകൾ ഇപ്പോൾ സമരത്തിൽ. 14 പ്രാവശ്യവും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ച മുൻ സർക്കാരിന്റെ നിലപാട് അല്ല ഞങ്ങൾക്ക്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ കുടുംബങ്ങളെ തെരുവിലേക്ക് വിടുന്ന സമീപനമല്ല ഞങ്ങൾ എടുത്തത്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടതെന്നും അവിടെ പോയി മുൻ സർക്കാരിലെ മന്ത്രിമാർ സമരത്തിന് ഇരുന്നപ്പോൾ അത്ഭുതം തോന്നിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.