തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ടിവികെ പ്രവർത്തകർക്ക് കർശന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി വിജയ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പാതയോര ബോർഡുകളോ ബാനറുകളോ സ്ഥാപിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും ആൾക്കൂട്ടം കൂടുന്ന ഇടങ്ങളിലെ പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാനും പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. ജന്മദിനം അടക്കമുള്ള ആഘോഷങ്ങൾ പൊതുജനങ്ങൾക്ക് ശല്യമാകാത്ത രീതിയിൽ മാത്രമേ സംഘടിപ്പിക്കാവൂ എന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാരത്തിലേറിയ ആദ്യ ദിവസങ്ങളിൽത്തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും സാമൂഹിക പരിഷ്കരണത്തിനുമുള്ള നടപടികൾക്കും വിജയ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ മദ്യ വിതരണ ശൃംഖലയായ ടാസ്മാക്കിന്റെ 717 ഔട്ട്‌ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് താഴു വീഴുന്നത്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 4765 മദ്യശാലകളിൽ നിന്നാണ് ജനവാസ മേഖലകളിലുള്ളവ ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
ഭരണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ജനകീയ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോവുകയാണ് വിജയ് സർക്കാർ. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഫയലിൽ അധികാരമേറ്റ ഉടൻ അദ്ദേഹം ഒപ്പുവെച്ചിരുന്നു. മദ്യശാലകൾ കുറയ്ക്കുന്നതിനൊപ്പം സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനും ലഹരിക്കെതിരായ കർശന നടപടികൾക്കുമാണ് സർക്കാർ മുൻഗണന നൽകുന്നത്. രാഷ്ട്രീയത്തിനപ്പുറം പൊതുജനക്ഷേമത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം നീക്കങ്ങൾക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
CM Vijay bans party banners and orders closure of 717 TASMAC shops near public zones














