ആരായാലും തകർക്കാൻ നോക്കിയാൽ കൈ വെട്ടുമെന്ന് കേന്ദ്ര മന്ത്രി, തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ ഗൂഢാലോചനയെന്ന് ജുവൽ ഓറം

കേന്ദ്രമന്ത്രിസഭയിൽ നിന്നടക്കം തന്നെ പുറത്താക്കാൻ ബി.ജെ.പിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര ഗോത്രവർഗ കാര്യ മന്ത്രി ജുവൽ ഓറം രംഗത്തെത്തി. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടി ദൂരെയെറിയാൻ തനിക്ക് കരുത്തുണ്ടെന്ന് അദ്ദേഹം ഭീഷണി മുഴക്കി. മറ്റ് പാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ ചേർന്ന ചില നേതാക്കളാണ് ഈ അപകീർത്തിപ്പെടുത്തൽ പ്രചാരണത്തിന് പിന്നിലെന്നും, മന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയാൽ അവർക്ക് അവസരം ലഭിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നതെന്നും ഓറം ആരോപിച്ചു.

പാർട്ടിക്കായി ചോരയും നീരും ഒഴുക്കിയ തന്റെ സ്ഥാനം ഇല്ലാതാക്കാനാണ് മറ്റ് പാർട്ടികളിൽ നിന്നെത്തിയ നേതാക്കൾ ശ്രമിക്കുന്നത്. ഈ വിഷയം ബി.ജെ.പിയുടെ ഒഡീഷ സംഘടനാ ജനറൽ സെക്രട്ടറി മാനസ് മൊഹന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയ കേന്ദ്രമന്ത്രി, തനിക്കെതിരെ പ്രവർത്തിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ആയുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേർക്ക് സർക്യൂട്ട് ഹൗസിൽ മുറികൾ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ജുവൽ ഓറത്തിന്റെ അടുത്ത അനുയായിയായ പ്രകാശ് പസ്വാനെ റൂർക്കേല പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഈ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഓറം ഒഡീഷയിലെ സുന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. അതേസമയം, മുതിർന്ന നേതാവിന്റെ പരസ്യപ്രതികരണത്തോട് ബി.ജെ.പി ഒഡീഷ ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Conspiracy Within BJP to Oust Me: Union Minister Jual Oram Threatens Detractors

More Stories from this section

family-dental
witywide