
പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്നും കല്ലറകളിലെ ഗ്രാനൈറ്റുകൾ മോഷ്ടിച്ചിരുന്ന സംഘം ഒടുവിൽ പിടിയിലായി. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് കച്ചവടം നടത്തുന്ന കടയുടമയും ജീവനക്കാരുമടങ്ങുന്ന മൂന്നംഗ സംഘമാണ് പോലീസിന്റെ വലയിലായത്. തമിഴ്‌നാട് സ്വദേശിയും കടയുടമയുമായ ജലാൽ സുന്ദർ സിംഗ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് ബർമാൻ, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് കെ. സി. എന്നിവരാണ് അറസ്റ്റിലായത്. കീഴ്‌വായ്പൂർ സി.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വിപണിയിൽ ഗ്രാനൈറ്റ് ക്ഷാമം രൂക്ഷമായതോടെയാണ് സംഘം സെമിത്തേരികളെ ലക്ഷ്യമിട്ട് മോഷണം തുടങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് മോഷണം നടത്തുന്ന ഗ്രാനൈറ്റുകൾ ഇവർ മറ്റൊരിടത്ത് മരണാനന്തര ചടങ്ങുകൾക്കായി വിൽക്കുകയാണ് ചെയ്തിരുന്നത്. ഈ വിചിത്രമായ മോഷണരീതി പ്രദേശത്തെ പള്ളികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
മേഖലയിലെ മൂന്ന് പള്ളികളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. മൂന്നാമത്തെ പള്ളിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതികൾ പോലീസ് പിടിയിലാകുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Graveyard Granite Thieves Arrested in Mallappally; Busted in Third Church Heist Case













