മഴക്കെടുതിയിൽ സംസ്ഥാനത്ത് ആറ് മരണം; സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി, സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താനും ഒഴിപ്പിക്കൽ വേഗത്തിലാക്കാനും നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ ഇന്നുമാത്രം ആറ് ജീവനുകൾ പൊലിഞ്ഞു. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ചെന്നൈ സ്വദേശിയും, പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥനും മരിച്ചു. മലപ്പുറത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

മഴ കടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ്., ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരമുണ്ട്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) പ്രത്യേക സംഘത്തെ അടിയന്തരമായി വിന്യസിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ദുരിതബാധിത മേഖലകളിലെ ജനങ്ങൾക്ക് കൃത്യമായി വിവരങ്ങൾ കൈമാറുന്നതിനായി ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രത്യേക എസ്.എം.എസ്. അലർട്ടുകളും അയച്ചുതുടങ്ങിയിട്ടുണ്ട്.

അതിനിടെ കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നിലവിലുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Monsoon Havoc in Kerala Claims Six Lives; CM VD Satheesan Orders Hour-by-Hour Monitoring and Urgent Evacuations

More Stories from this section

family-dental
witywide