ഹൈക്കോടതി വിമർശനം കുറിക്കുകൊണ്ടു, ഡിവൈ.എസ്.പി. സുധീർ കല്ലന് സസ്പെൻഷൻ; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ നടപടി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോക്ടർ എം. കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ ഗുരുതര വീഴ്ച വരുത്തിയ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ വൈകിയതിൽ ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കേസിലെ പ്രതിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ അന്വേഷണ സംഘത്തിന് വലിയ പിഴവ് സംഭവിച്ചിരുന്നു. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്ന നടപടിയായ ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ, പ്രതിഭാഗം ഇത് കോടതിയിൽ ചൂണ്ടിക്കാണിക്കുകയും തലശ്ശേരി കോടതി ഡോ. റാമിനെ വിട്ടയക്കുകയുമായിരുന്നു. തുടർന്ന് കോടതിയിൽ അപേക്ഷ നൽകിയ ശേഷമാണ് പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായും ഹൈക്കോടതി വിമർശിച്ചിരുന്നു.

സംഭവത്തിൽ ഡിവൈ.എസ്.പിക്ക് വീഴ്ച സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിലും വ്യക്തമായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് എസ്.പിയെയും ഡിവൈ.എസ്.പി സുധീർ കല്ലനെയും ഹൈക്കോടതി നേരിട്ട് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. നിലവിൽ സുധീർ കല്ലൻ ഉൾപ്പെടെയുള്ള സംഘത്തെ കേസിന്റെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. എം. പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് നിലവിൽ നിതിൻ രാജിന്റെ കേസ് അന്വേഷിക്കുന്നത്.

High Court Slams Home Department: Crime Branch DySP Sudheer Kallan Suspended Over Flawed Arrest

More Stories from this section

family-dental
witywide