അടിത്തറ തകർന്നു, കണക്കുകൾ പാളി; 13 മണിക്കൂർ നീണ്ട മാരത്തൺ സി‌പി‌എം സെക്രട്ടേറിയറ്റിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ചേർന്ന സി‌പി‌എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. പത്ത് മണിക്ക് ആരംഭിച്ച് 13 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ചയിൽ, പാർട്ടിയുടെ അടിത്തറ തകരുന്ന അവസ്ഥയാണെന്ന അതീവ ഗൗരവതരമായ വിലയിരുത്തലാണ് ഉയർന്നത്. വോട്ട് കണക്കുകൾ കൂട്ടുന്നതിലും അണികളിലെ ചോർച്ച തിരിച്ചറിയുന്നതിലും നേതൃത്വത്തിന് വലിയ വീഴ്ച പറ്റിയെന്നും സാങ്കേതികമായ ന്യായീകരണങ്ങൾ കൊണ്ട് പരാജയത്തെ മറികടക്കാനാവില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു.

പരാജയത്തിന് കാരണമായ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് യോഗത്തിൽ ചർച്ചയായത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ വോട്ടർമാരെ അകറ്റിയപ്പോൾ, കണ്ണൂർ പാർട്ടിയിലെ വിഭാഗീയതയും സംഘടനാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്തത് തിരിച്ചടിയുടെ ആക്കം കൂട്ടി. ഇതിനുപുറമെ, സംസ്ഥാന തലത്തിൽ തന്നെ പാർട്ടി സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ലെന്ന വിമർശനവും ഉയർന്നു. കീഴ്ഘടകങ്ങൾ ജനങ്ങളിൽ നിന്ന് അകന്നുവെന്നും പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ഇനി ഫലിക്കില്ലെന്നും യോഗം വിലയിരുത്തി.

തിരിച്ചടി അപ്രതീക്ഷിതമാണെങ്കിലും തെറ്റുകൾ തിരുത്തി പാർട്ടി കരുത്തോടെ തിരിച്ചുവരുമെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. അണികളുടെയും ജനങ്ങളുടെയും വികാരം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണമെന്ന വികാരം സെക്രട്ടേറിയറ്റിൽ ശക്തമായിരുന്നു. വരും മാസങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളും വിളിച്ചുചേർത്ത് പരാജയത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനും ആവശ്യമായ തിരുത്തലുകൾ വരുത്താനുമാണ് സി‌പി‌എം ലക്ഷ്യമിടുന്നത്.

CPIM secretariat admits erosion of party base; leadership slammed for candidate selection and organizational failure

More Stories from this section

family-dental
witywide