തിരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ വീഴ്ചകൾ സമ്മതിച്ച് സിപിഎം, വെള്ളാപ്പള്ളിയെ തള്ളാത്തതും യോഗിയുടെ സന്ദേശം വായിച്ചതുമടക്കം പിഴച്ചു; പിണറായിക്ക് സംരക്ഷണം

തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും പാർട്ടിക്ക് സംഭവിച്ച വീഴ്ചകളും എണ്ണിയെണ്ണി വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രണ്ടു ദിവസത്തെ പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, സംസ്ഥാന വ്യാപകമായി പാർട്ടിയുടെ സംഘടനാ സംവിധാനം പരാജയപ്പെട്ടതായി തുറന്നുസമ്മതിച്ചു. എന്നാൽ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് സംഘടനാപരമായ ദൗർബല്യങ്ങളാണെന്നുമാണ് സി.പി.എം. സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. സംസ്ഥാന നേതൃത്വത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകാലത്തെ ചില വിവാദ വിഷയങ്ങളിൽ തെറ്റുപറ്റിയതായി പാർട്ടി സ്വയംവിമർശനത്തോടെ സമ്മതിച്ചു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ വേണ്ടവിധം പ്രതിരോധിച്ചില്ലെന്ന സംശയം ജനങ്ങളിലുണ്ടായെന്നും അത് ദൂരീകരിക്കാൻ കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായെന്നും ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽപ്പെട്ട എ. പദ്മകുമാറിനെതിരെ യഥാസമയം നടപടിയെടുക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു. തളിപ്പറമ്പിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയായതിന്റെ പഴി കണ്ണൂർ ജില്ലാ ഘടകത്തിന്റെ തലയിലാണ് സംസ്ഥാന സെക്രട്ടറി ചാരിയത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ യു.ഡി.എഫ്. – ബി.ജെ.പി. വോട്ട് കച്ചവടമുണ്ടെന്ന ഗുരുതര ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. സംസ്ഥാനത്തെ മുപ്പതോളം മണ്ഡലങ്ങളിൽ യു.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചതായും തിരിച്ചും വോട്ട് കൈമാറ്റം നടന്നതായും സി.പി.എം. ആരോപിക്കുന്നു. എന്തുകൊണ്ടാണ് പിണറായി വിജയനെ ഇ.ഡി. അറസ്റ്റ് ചെയ്യാത്തതെന്ന തരത്തിൽ ഉയർന്ന ചോദ്യങ്ങൾ പോലും ഈ ഡീലിന്റെ ഭാഗമായി ഉയർന്നതാണ്. കേരളത്തിൽ മൂന്നിടത്ത് ബി.ജെ.പി. വിജയിച്ചത് അതീവ ഗൗരവതരമാണെന്നും ബി.ജെ.പി. ജയിച്ച മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാനോ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനോ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വലിയ വീഴ്ചയും സെക്രട്ടറി സമ്മതിച്ചു.

എസ്.ഐ.ആർ. ഭീതി യു.ഡി.എഫ്. രാഷ്ട്രീയമായി ഉപയോഗിച്ചെന്നും മുസ്ലീം ലീഗ് മതത്തെ കൂട്ടുപിടിച്ച് വർഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും സി.പി.എം. കുറ്റപ്പെടുത്തി. ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ മൂന്ന് സീറ്റുകളിൽ ബി.ജെ.പി. വിജയിച്ചെങ്കിലും അവരുടെ ആകെ വോട്ട് വിഹിതത്തിൽ ആറ് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും ആ വോട്ടുകൾ പോയത് കോൺഗ്രസിലേക്കാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഒരുമിച്ച് നിന്ന് പാർട്ടിയെ പരാജയപ്പെടുത്തിയെന്ന് കരുതുന്നില്ല. സ്വത്വരാഷ്ട്രീയമല്ല തോൽവിക്ക് കാരണം. ജനവിശ്വാസം വീണ്ടെടുക്കുന്നതിനായി വരും ദിവസങ്ങളിൽ പാർട്ടി ഘടകങ്ങളിൽ വിപുലമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

CPM Admits Organisational Lapses for Election Rout; Shields CM Pinarayi and Alleges UDF-BJP Vote Deal

More Stories from this section

family-dental
witywide