സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ നിർദേശം പൂർണ്ണമായും രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ ഈ നിയമവിരുദ്ധ നിർദേശം യു.ഡി.എഫ് സർക്കാർ പാലിക്കുമോ എന്ന് കേരളം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ഇ.ഡിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം. സി.എം.ആർ.എല്ലിൽ നൽകിയ 182 കോടിയിൽ വളരെ ചുരുങ്ങിയ തുകയിൽ മാത്രം ഇ.ഡി കേസുമായി മുന്നോട്ടുവന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരാർ പ്രകാരം കൃത്യമായി നികുതി അടച്ച് ബാങ്ക് വഴിയാണ് സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട് നടന്നതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈ പണം കൈമാറ്റം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്തമാണെന്നും വീണ പിണറായി വിജയന്റെ മകളാണ് എന്നത് മാത്രമാണ് ഈ ദുരാരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സി.എം.ആർ.എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നൽകിയിട്ടില്ലെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞതാണ്. മാത്യു കുഴൽനാടനും ഷോൺ ജോർജും നൽകിയ കേസുകൾ സുപ്രീം കോടതി ബെഞ്ച് വരെ തള്ളിക്കളഞ്ഞ കാര്യമാണെന്നും തട്ടിക്കൂട്ടിയ ഒരു മൊഴിക്കപ്പുറം ഒരു രേഖയും ഇ.ഡിയുടെ പക്കലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പകപോക്കലിന് യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന നിഗമനത്തിലാണ് ഇ.ഡി ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. ഇതിലൂടെ കോൺഗ്രസ്-ബി.ജെ.പി ഡീലിന്റെ പ്രത്യേകതലം കൈകാര്യം ചെയ്യാനാകുമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്. കരുവന്നൂരിലേതിന് സമാനമായി നേതാക്കളെ ലക്ഷ്യംവെക്കുന്ന രീതിയാണ് ഇവിടെയും സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ദേശീയ തലത്തിൽ ചെറുക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസും യു.ഡി.എഫും കേരളത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് നടക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ 307 പേർ പങ്കെടുക്കുമെന്നും അതിനുശേഷം നടക്കുന്ന റാലിയിൽ ഒന്നേകാൽ ലക്ഷം ആളുകൾ അണിനിരക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. സമ്മേളനത്തിനുള്ള ഫണ്ട് പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രമാണ് സ്വീകരിക്കുന്നത്. വിശാല സംസ്ഥാന സമിതി ചർച്ച ചെയ്യേണ്ട രേഖ സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിച്ചു. മാധ്യമങ്ങൾ നടത്തുന്ന അസംബന്ധ പ്രചാരണങ്ങളെ തള്ളിയ അദ്ദേഹം, പാർട്ടിയെ എങ്ങനെ ഫലപ്രദമായി മുന്നോട്ട് നയിക്കാമെന്ന കാര്യവും സ്വയംവിമർശനവുമാണ് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയെന്നും വ്യക്തമാക്കി.
CMRL-Exalogic Case: MV Govindan Terms ED Move Political Vendetta, Urges UDF Govt to Clarify Stand










