അണികൾക്ക് തെറ്റിയതെവിടെ? ടികെ ഗോവിന്ദൻ അവസരവാദി, സ്വീകരിച്ചതിൽ ഇപ്പോൾ മനസ്താപമുണ്ടാകും; തെറ്റ് തിരുത്തി അണിനിരക്കാൻ തളിപ്പറമ്പ് ജനതയോട് പിണറായി

മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കിടയിൽ ഉണ്ടായ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി.കെ. ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചതെന്നും, അങ്ങനെ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാമെന്നും പിണറായി അഭിപ്രായപ്പെട്ടു. ജനവിധിയെ മാനിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും ഏത് പരാജയവും സി.പി.എം ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കൊപ്പം ഉറച്ചുനിന്നിരുന്നവർ എന്തുകൊണ്ടാണ് മാറി ചിന്തിച്ചതെന്നും ആരെയാണ് വിശ്വാസത്തിലെടുത്തതെന്നും അണികൾ ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് മാത്രം ടി.കെ. ഗോവിന്ദന്റെ വിജയം എല്ലാക്കാലത്തേക്കുമായി കാണേണ്ടതില്ലെന്നും ഈ വിജയം താൽക്കാലികമാണെന്നും പിണറായി ഓർമ്മിപ്പിച്ചു. പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രമുള്ള വീഴ്ച സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, സംഭവിച്ച തെറ്റുകൾ തിരുത്തി പാർട്ടി വികാരത്തോടെ എല്ലാവരും ശരിയായ നിലപാട് സ്വീകരിക്കണമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ആഹ്വാനം ചെയ്തു.

1991-ന് ശേഷം 50 ശതമാനത്തിലേറെ വോട്ട് എൽ.ഡി.എഫ് നേടിയിരുന്ന തളിപ്പറമ്പിൽ ഇത്തവണ വോട്ട് വിഹിതം 41 ശതമാനമായി കുറഞ്ഞത് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഗോവിന്ദൻ നേടിയത് മുൻപ് യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയ വോട്ടിനേക്കാൾ കുറവാണെങ്കിലും എൽ.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച പരാജയത്തിന് കാരണമായി. വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് എതിരായി വോട്ട് ചെയ്തവർ സ്വന്തം നിലപാടുകൾ തിരുത്തി പാർട്ടിക്കൊപ്പം തിരികെ അണിനിരക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Pinarayi Vijayan Blames Misconceptions and Media Campaign for Taliparamba Poll Defeat

More Stories from this section

family-dental
witywide