പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റം: പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; പരീക്ഷാ തട്ടിപ്പിനെതിരെ കർശന നിയമത്തിന് സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചാലും കുറ്റം, സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വെറുതെ കുറ്റപ്പെടുത്താൻ ആർക്കും സാധിക്കും, എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തെരുവിലല്ല, പാർലമെന്റിലെ ചർച്ചയിലാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി സഭ തടസ്സപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും ചെയ്താൽ പിന്നെ എങ്ങനെയാണ് ചർച്ച മുന്നോട്ട് കൊണ്ടുപോകുകയെന്നും റിജിജു ചോദിച്ചു.

അതിനിടെ, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും തട്ടിപ്പുകാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വരും തിങ്കളാഴ്ച ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിന് ശക്തമായ വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറ്റക്കാർക്കെതിരെ 10 കോടി രൂപ വരെ പിഴ ചുമത്താനും 10 വർഷം വരെ തടവുശിക്ഷ നൽകാനും ബില്ലിൽ നിർദേശമുണ്ട്. കൂടാതെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന നിർണായക വ്യവസ്ഥയും ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide