മഞ്ജു വാര്യർക്കെതിരായ അപകീർത്തി പരാമർശം, സനൽകുമാർ ശശിധരനും ഷാജൻ സ്കറിയക്കും കോടതിയുടെ വിലക്ക്, പോസ്റ്റുകൾ നീക്കാൻ മെറ്റയ്ക്ക് നോട്ടീസുമയച്ചു

നടി മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് സംവിധായകൻ സനൽകുമാർ ശശിധരനെയും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെയും വിലക്കി എറണാകുളം മുൻസിഫ് കോടതി താൽക്കാലിക ഉത്തരവിട്ടു. മഞ്ജു വാര്യർ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതിയുടെ അതിവേഗ ഇടപെടൽ. കേസിൽ പ്രതികളായ സനൽകുമാർ ശശിധരനോടും ഷാജൻ സ്‌കറിയയോടും വരുന്ന മുപ്പതാം തീയതി കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, നിലവിലുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു.

2019 മുതൽ മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന തരത്തിൽ ഫേസ്ബുക്കിലൂടെ സനൽകുമാർ പ്രചാരണം നടത്തിവരികയാണ്. 2022-ൽ മഞ്ജുവിന്റെ പരാതിയിൽ എളമക്കര പോലീസ് കേസെടുക്കുകയും, 2025-ൽ സമാന പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർച്ചയായ പോലീസ് കേസുകൾക്കും അറസ്റ്റിനും ശേഷവും സനൽകുമാർ നടിയെ നിരന്തരം പിന്തുടരുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയുമായിരുന്നു. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അന്വേഷണം വേണമെന്നും ആരോപിച്ച് തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സനൽകുമാർ സമരം നടത്തുകയും ചെയ്തിരുന്നു.

മഞ്ജു ചില സ്ഥാപിത താല്പര്യക്കാരുടെ പിടിയിലാണെന്ന സനൽകുമാറിന്റെ വാദങ്ങൾ മുൻപ് മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ അടക്കം തള്ളിക്കളഞ്ഞിരുന്നു. തുടർച്ചയായ വ്യാജപ്രചാരണങ്ങളും അപകീർത്തിപ്പെടുത്തലുകളും സഹിക്കവയ്യാതെയാണ് അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സംവിധായകനായ സനൽകുമാർ ശശിധരന്റെ സമീപകാലത്തെ സോഷ്യൽ മീഡിയ ഇടപെടലുകൾക്കും പോസ്റ്റുകൾക്കും എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Defamation Against Manju Warrier: Court Restrains Sanal Kumar Sasidharan and Shajan Skaria

More Stories from this section

family-dental
witywide