തിരുവനന്തപുരം: പിണറായി വിജയനെതിരെ ഇ.ഡി ശുപാർശയിൽ യുഡിഎഫ് സർക്കാർ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാനും കേന്ദ്ര ഏജൻസികൾക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും സിപിഐഎം തീരുമാനം. ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.
കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് വിഷയത്തിൽ ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. പാർട്ടിയ്ക്കെതിരായ നീക്കമായി കണ്ട് പിണറായി വിജയനെതിരായ കേസ് പ്രതിരോധിക്കാനാണ് തീരുമാനം. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപണം.
അതേസമയം, സിപിഐഎമ്മിൻ്റെ രാഷ്ട്രീയ പ്രതിരോധത്തിന് ഒപ്പം സി.എം.ആർ.എൽ എം.ഡിയുടെ ഡയറിയിൽ രമേശ് ചെന്നിത്തലയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരുളളതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതം കൂടി വിലയിരുത്തി കൊണ്ടായിരിക്കും സർക്കാർ തീരുമാനം.
ED recommendation: CPIM decides to counter politically if a case is registered against Pinarayi Vijayan.













