മുഖ്യമന്ത്രി വിഡി സതീശനെതിരായ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ ആഗസ്റ്റിൻ്റെ വ്യാജ ആരോപണത്തിൽ മൊഴി നൽകി പരാതിക്കാരനായ കെപിസിസി വക്താവ് രാജു പി നായർ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. പരാതിയിൽ ആന്റോ ആഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് രാജു പി നായർ പറഞ്ഞു. ആരോപണം റിപ്പോർട്ടർ ടിവിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആൻ്റോ വീണ്ടും ആവർത്തിച്ചുവെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമാണെന്നും മെസ്സി വിവാദം, മുട്ടിൽ മരം മുറി, റിപ്പോർട്ട് ചാനൽ വിൽപ്പന തുടങ്ങിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം വേണമെന്നും രാജു പി നായർ ആവശ്യപ്പെട്ടു.
കൈരളിക്ക് പോലും പ്രതിരോധം തീർക്കാത്ത സിപിഐഎം നേതാക്കൾ റിപ്പോർട്ടർ ചാനലിന് വേണ്ടി പ്രതിരോധം തീർക്കുന്നു. എം വി നികേഷ് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് രാജു പി നായർ ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ കള്ളപ്പണം റിപ്പോർട്ടറിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. തോമസ് ഐസക്കിന് എന്തിനാണ് അസ്വസ്ഥതയെന്നും ആന്റോ അഗസ്റ്റിനെ തോമസ് ഐസക് ന്യായീകരിക്കുന്നുവെന്നും രാജു പി നായർ കുറ്റപ്പെടുത്തി. അതേസമയം, ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. രാജു പി നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Anto Augustine’s allegation against the Chief Minister: Raju P. Nair alleges a major conspiracy behind it.











