അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ പ്രവർത്തകനുമായ ഡിജോ കാപ്പൻ്റെ സംസ്കാരം നാളെ

പാലാ: ഇന്നലെ അന്തരിച്ച കേരളത്തിലെ ശ്രദ്ധേയനായ പൗരാവകാശ പ്രവർത്തകനും സെൻ്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ സ്ഥാപകനുമായ ഡിജോ കാപ്പൻ്റെ (68) സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഭാര്യ ഡോ.മിനി കാപ്പനും പരുക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അന്ത്യം സംഭവിച്ചത്.

ഉപഭോക്തൃ അവകാശങ്ങൾക്കായി കേരളത്തിൽ ശക്തമായി ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. സാധാരണക്കാരെ ബാധിക്കുന്ന വൈദ്യുതി ചാർജ് വർദ്ധന, റോഡ് നികുതി, ഗതാഗത പ്രശ്നങ്ങൾ എന്നിവയിൽ അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്. ഒട്ടേറെ പൊതുതാൽപ്പര്യ ഹർജികളിലൂടെ ജനകീയ വിഷയങ്ങളിൽ കോടതി ഇടപെടലുകൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോർഡും യോഗങ്ങളും, റെയിൽവേ നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കിയത് ഡിജോയുടെ ഹർജികളാണ്.

കേരള കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തിയത്. 1982-ൽ കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1998-ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഉപഭോക്തൃ സംരക്ഷണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഉപഭോക്‌തൃ – കർഷക അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 1988ൽ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ സ്‌ഥാപിച്ചു. സെൻ്ററിന്റെ ട്രസ്‌റ്റി എന്ന നിലയിലായിരുന്നു കോടതികളിലെ നിയമ പോരാട്ടം. ടെലിവിഷൻ ചർച്ചകളിലെ സജീവ സാന്നിധ്യവും മികച്ച രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു അദ്ദേഹം. ഡിജോ കാപ്പൻ്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശങ്ങളിൽ നേതാക്കൾ ഓർമ്മിച്ചു.

The funeral of the late prominent public servant and consumer protection activist Dijo Kappan will be held tomorrow.

More Stories from this section

family-dental
witywide