
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദീകരിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വാർത്താസമ്മേളനം നടത്തി. കേരളത്തിൽ ബിജെപിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചതായും തമിഴ്നാട്ടിൽ ബിജെപി പൂർണ്ണമായി തകർന്നതായും അദ്ദേഹം വിലയിരുത്തി. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറിയിരിക്കുകയാണ്. കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച അദ്ദേഹം, 1977-ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടത് സർക്കാരില്ലാത്ത സാഹചര്യം വന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയതാണെന്നും പാർട്ടിയും മുന്നണിയും ഇതിന്റെ കാരണങ്ങൾ കൃത്യമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും എം.എ. ബേബി അറിയിച്ചു. കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകളും ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ഇത് രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന തരത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ എത്രത്തോളം ബാലിശമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളെ അപലപിച്ച് കേന്ദ്രകമ്മിറ്റി പ്രമേയങ്ങൾ അവതരിപ്പിച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു. കേന്ദ്രസർക്കാർ നയങ്ങളിലുള്ള കടുത്ത പ്രതിഷേധമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും സിപിഎമ്മിന്റെ ജനപിന്തുണ വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായികപ്രേമികൾക്കായി ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും എം.എ. ബേബി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Election defeat in Kerala a severe blow, says CPM General Secretary MA Baby; special Central Committee to meet in July












