
മലപ്പുറം: തവനൂർ പെരുന്തല്ലൂരിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ആടിന്റെ തല വെട്ടി പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘തെളിനീർ ചിന്തകൻ’ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയ്ക്കെതിരെയാണ് നടപടി. അനിമൽ ആക്ട് പ്രകാരവും ബിഎൻഎസ് 325 (മൃഗങ്ങളെ പീഡിപ്പിക്കൽ) വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.‘തെളിനീർ ചിന്തകൻ’ എന്ന പ്രൊഫൈലിൽ പങ്കുവെച്ച വീഡിയോയിൽ ആടിന്റെ തല കൈയിൽ പിടിച്ച് റോഡിലൂടെ നടക്കുന്നതാണ് കാണുന്നത്. വിശാഖ് കെ. വിശ്വൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കെ.ടി. ജലീലിന്റെ തോൽവിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആഘോഷത്തിന്റെ ഭാഗമായാണ് ആടിന്റെ തല വെട്ടിയതെന്നാണ് ആരോപണം. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി, പിന്നാലെയാണ് പൊലീസ് കേസെടുത്തത്.














