
ഡൽഹി: കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തിയ പെട്രോളാണ് വിൽക്കുന്നതെന്ന കർണാടക സർക്കാരിന്റെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ആരോപണം തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 (E20) പെട്രോൾ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആരോപണങ്ങളിൽ യാതൊരു തെളിവുമില്ലെന്ന് എണ്ണക്കമ്പനികൾ വിശദീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ കമ്പനികളാണ് കേന്ദ്ര സർക്കാരിന് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകിയത്. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഐ.എസ് 17021 (IS 17021) മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് കമ്പനികൾ സാക്ഷ്യപ്പെടുത്തി. കർണാടക സർക്കാർ ഒക്ടോബറിൽ നടത്തിയ പരിശോധനയിലെ സാമ്പിൾ ശേഖരണ രീതിയിലും പരിശോധനാ മാനദണ്ഡങ്ങളിലും എണ്ണക്കമ്പനികൾ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
നിയമപ്രകാരം പെട്രോൾ സാമ്പിളുകൾ ശേഖരിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകൾ ഒരേസമയം ശേഖരിക്കുകയും, ഇതിൽ പെട്രോൾ പമ്പ് ഉടമയുടെയും എണ്ണക്കമ്പനി പ്രതിനിധിയുടെയും സംയുക്ത ഒപ്പ് രേഖപ്പെടുത്തുകയും വേണം. രണ്ടു സാമ്പിളുകൾ പമ്പ് ഉടമയ്ക്കും രണ്ടെണ്ണം കമ്പനിക്കും നൽകണം. ശേഷിക്കുന്ന രണ്ട് സാമ്പിളുകൾ മാത്രമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കേണ്ടത്. എന്നാൽ ഒക്ടോബറിൽ കർണാടക സർക്കാർ നടത്തിയത് കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാത്ത ഏകാധിപത്യപരമായ പരിശോധനയാണെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടി.
സർക്കാർ നടത്തിയ സാമ്പിൾ പരിശോധനയുടെ വിവരങ്ങളോ ലബോറട്ടറി റിപ്പോർട്ടുകളോ എണ്ണക്കമ്പനികൾക്കോ സംസ്ഥാനതല കോർഡിനേറ്റർമാർക്കോ കൈമാറിയിട്ടില്ലെന്ന് കമ്പനികൾ മന്ത്രാലയത്തെ അറിയിച്ചു. നേരത്തെ, കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ സാന്നിധ്യം 20 ശതമാനത്തിന് മുകളിലാണെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരും രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ചില പമ്പുകളിൽ 30 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആരോപണം.
2025 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയമനുസരിച്ച് ഇന്ധനത്തിൽ പരമാവധി 20 ശതമാനം വരെ എഥനോൾ കലർത്താനാണ് അനുമതിയുള്ളത്. എന്നാൽ നിലവിലെ പരിശോധന നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഉയർന്ന ആരോപണങ്ങൾക്ക് നിയമപരമായോ സാങ്കേതികമായോ യാതൊരു അടിത്തറയുമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും ആവർത്തിച്ചുള്ള നിലപാട്.
Centre Rejects Allegations of Excess Ethanol in Petrol; Oil Companies Say Inspection in Karnataka Flouted Standards














