പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിലധികം; കർണാടക സർക്കാരിന്റെ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ബെംഗളൂരു: രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും അധികമായി എഥനോൾ കലർത്തുന്നുണ്ടെന്ന കണ്ടെത്തൽ വാഹന ഉടമകളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. കർണാടക സർക്കാരിന്റെ നിർദേശപ്രകാരം ബെംഗളൂരു ഉൾപ്പെടെയുള്ള ഏഴ് പ്രധാന നഗരങ്ങളിൽ നടത്തിയ പരിശോധനയിലാണ് പല പ്രമുഖ കമ്പനികളുടെ പെട്രോളിലും എഥനോളിന്റെ സാന്നിധ്യം 30 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയത്. പൊതുമേഖലാ, സ്വകാര്യ മേഖലയിലെ എണ്ണ കമ്പനികളിൽ നിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ പരിശോധിച്ചാണ് സംസ്ഥാന സർക്കാർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

പഠന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOCL) പെട്രോളിലാണ് ഏറ്റവും കൂടുതൽ എഥനോൾ സാന്നിധ്യം കണ്ടെത്തിയത്—31.2 ശതമാനം. എച്ച്.പി.സി.എല്ലിൽ (HPCL) 30.5 ശതമാനവും, ബി.പി.സി.എല്ലിൽ (BPCL) 26.5 ശതമാനവുമാണ് അളവ്. സ്വകാര്യ കമ്പനികളായ നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തിയിട്ടുണ്ട്. വിതരണം ചെയ്യുന്ന ഇന്ധനത്തിലെ എഥനോൾ അനുപാതത്തിന്റെ വിവരങ്ങൾ നൽകാൻ കമ്പനികൾ ആവർത്തിച്ച് വിസമ്മതിച്ചതിനെ തുടർന്നാണ് കർണാടക സിവിൽ സപ്ലൈസ് വകുപ്പ് നേരിട്ട് വിപണിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന 99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലല്ല നിർമ്മിച്ചിരിക്കുന്നതെന്ന് ബെംഗളൂരുവിൽ വാർത്താസമ്മേളനം വിളിച്ച് കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. ഇന്ധനത്തിലെ ഉയർന്ന എഥനോൾ സാന്നിധ്യം മൂലം എഞ്ചിനുകൾക്കുണ്ടാകുന്ന തരാറുകൾ ഉപയോക്താക്കൾക്ക് 62,000 രൂപയിലേറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പരിശോധനാ ഫലങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Ethanol Content in Petrol Crosses 30% Limit; Karnataka Government Inspection Reveals Shocking Data

More Stories from this section

family-dental
witywide