
ബോസ്റ്റൺ: അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള പ്രത്യേക നോൺ-ഇമിഗ്രന്റ് വിസയായ ‘യു-വിസ’ (U Visa) സ്വന്തമാക്കാൻ ക്രിമിനൽ സംഘവുമായി ചേർന്ന് വ്യാജ കവർച്ചാ നാടകം ആസൂത്രണം ചെയ്ത കേസിൽ ഇന്ത്യൻ പൗരൻ കുറ്റസമ്മതം നടത്തി. മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ താമസിക്കുന്ന 40-കാരനായ മിതുൽ പട്ടേലാണ് ഫെഡറൽ കോടതിയിൽ വിസ തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ചത്. കേസിൽ ഇയാളുടെ ശിക്ഷാവിധി ഈ വരുന്ന ജൂലൈ 29-ന് പ്രഖ്യാപിക്കും.
സിസിടിവിക്ക് മുന്നിലെ കവർച്ചാ നാടകം:
അമേരിക്കയിൽ വെച്ച് ഏതെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും, അതിലൂടെ കടുത്ത മാനസിക അല്ലെങ്കിൽ ശാരീരിക പീഡനം അനുഭവിക്കുകയും ചെയ്ത വിദേശികൾക്ക് നൽകുന്ന പ്രത്യേക വിസയാണ് ‘യു-വിസ’. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നിയമപാലകരെ സഹായിക്കുന്ന ഇരകളെ സംരക്ഷിക്കുന്നതിനാണ് ഈ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം മാനുഷിക പരിഗണനകളെ ദുരുപയോഗം ചെയ്യാനാണ് പ്രതികൾ പദ്ധതിയിട്ടത്.
തട്ടിപ്പ് സംഘത്തിൻ്റെ പ്രധാന സൂത്രധാരനായ റാംഭായ് പട്ടേൽ എന്നയാൾക്ക് വലിയ തുക പണം നൽകിയാണ് മിതുൽ പട്ടേൽ ഈ തട്ടിപ്പിൽ പങ്കാളിയായത്. 2023 ഒക്ടോബറിൽ വോർസെസ്റ്ററിലെ ഒരു സ്റ്റോറിൽ വെച്ചായിരുന്നു സംഭവം. മിതുൽ പട്ടേൽ കടയിൽ നിൽക്കുമ്പോൾ തോക്കുധാരിയായ ഒരാൾ വന്ന് കവർച്ച നടത്തുന്നതായി വ്യാജമായി ചിത്രീകരിച്ചു. പൊലീസിനും വിസ അധികൃതർക്കും തെളിവായി സമർപ്പിക്കാൻ കടയിലെ സിസിടിവി ക്യാമറയുടെ വ്യക്തമായ പരിധിയിൽ വെച്ചായിരുന്നു ഈ നാടകം മുഴുവൻ അരങ്ങേറിയത്. ‘കവർച്ചക്കാരൻ’ പണവുമായി കടന്നുകളഞ്ഞ് അഞ്ച് മിനിറ്റിലധികം കഴിഞ്ഞ ശേഷമാണ് കടയിലുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് താൻ കവർച്ചയ്ക്ക് ഇരയായെന്ന് കാണിച്ച് മിതുൽ പട്ടേൽ വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നു.
വ്യാജ കവർച്ചകൾ പലയിടങ്ങളിൽ:
കോടതി രേഖകൾ പ്രകാരം, റാംഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം 2024 മാർച്ച് മുതൽ മസാച്യുസെറ്റ്സിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ആറോളം കൺവീനിയൻസ് സ്റ്റോറുകൾ, മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വ്യാജ കവർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. കവർച്ചാ നാടകത്തിനായി റാംഭായ് പട്ടേൽ കടയുടമകൾക്ക് പണം നൽകിയിരുന്നു. കടയുടമകൾക്കും “ഇരകളായി” അഭിനയിച്ചവർക്കും ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. കേസിലെ പ്രധാന സൂത്രധാരനായ റാംഭായ് പട്ടേലിനെ 2025 മേയിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി താമസിച്ച 10 പേർ കൂടി പിടിയിൽ:
ഈ വിസ തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട് 2026 മാർച്ചിൽ മറ്റ് 10 പേർക്കെതിരെ കൂടി ക്രിമിനൽ പരാതി പ്രകാരം യു.എസ് അധികൃതർ കേസെടുത്തിരുന്നു. ഇവർ എല്ലാവരും തന്നെ നിയമവിരുദ്ധമായി യു.എസിൽ താമസിച്ചുവരുന്നവരാണ്. പ്രതിപ്പട്ടികയിലുള്ള 40-കാരിയായ ദീപികാബെൻ പട്ടേലിനെ ഇതിനകം തന്നെ യു.എസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി.
ജിതേന്ദ്രകുമാർ പട്ടേൽ (39), മഹേഷ്കുമാർ പട്ടേൽ (36), സഞ്ജയ്കുമാർ പട്ടേൽ, രമേശ്ഭായ് പട്ടേൽ (52), അമിതാബെൻ പട്ടേൽ (43), റൊണാക് കുമാർ പട്ടേൽ (28), സംഗീതാബെൻ പട്ടേൽ (36), മിങ്കേഷ് പട്ടേൽ (42), സോണൽ പട്ടേൽ (42) എന്നിവരാണ് കേസിലുൾപ്പെട്ട മറ്റ് പ്രതികൾ.
മാനുഷിക പരിഗണന നൽകി അനുവദിക്കുന്ന യു-വിസ ചട്ടങ്ങളെ ദുരുപയോഗം ചെയ്ത് അമേരിക്കയിൽ തുടരാൻ ശ്രമിച്ചവർക്കെതിരെ കർശനമായ നിയമനടപടികളാണ് യു.എസ് ഫെഡറൽ അധികൃതർ സ്വീകരിക്കുന്നത്.
‘Fake robbery drama’ for US visa; Indian citizen pleads guilty in Boston, 11 others in fraud gang















