ചെന്നൈയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൻ്റെ ചിറകിൽ തീ കണ്ടതിനെ തുടർന്ന് യാത്ര റദ്ദാക്കി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എത്തിഹാദ് എയർവേസ് വിമാനത്തിൻ്റെ ഇടതുവശത്തെ ചിറകിൽ തീപ്പിടിത്തമുണ്ടായത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം.
അതേസമയം, വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൈലറ്റുമാർ തീ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഉടനെ തന്നെ യാത്ര റദ്ദാക്കി. അടിയന്തര പ്രതികരണ ടീമുകളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ ഉടൻ തന്നെ അണച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും നാശനഷ്‌ടങ്ങളോ അപകടങ്ങളോ ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, ചിറകിലെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
Fire breaks out on wing of Chennai-Abu Dhabi flight














