
ജെറുസലേം: ഇസ്രായേൽ രാഷ്ട്രീയത്തിൽ നിർണായക നീക്കം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെനറ്റും യായർ ലാപിഡും ഒന്നിക്കുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളെയും ലയിപ്പിച്ച് ഒറ്റക്കെട്ടായി മത്സരിക്കാനാണ് ഇവരുടെ തീരുമാനം.
“ഈ നീക്കം പ്രതിപക്ഷ ചേരിയെ ഒന്നിപ്പിക്കാനും ആഭ്യന്തര ഭിന്നതകൾ അവസാനിപ്പിക്കാനും നിർണായകമായ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി എല്ലാ ശ്രമങ്ങളും കേന്ദ്രീകരിക്കാനും ഉദ്ദേശിച്ചുള്ളതാണ്,” ലാപിഡിൻ്റെ യേഷ് അതിദ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. ബെനറ്റും ലാപിഡും സംയുക്ത വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പുതിയ സഖ്യത്തിന് നഫ്താലി ബെനറ്റ് നേതൃത്വം നൽകും.
2021-ലെ സഖ്യ കരാറാണ് 12 വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യമിട്ടത്. സഖ്യം തകരുന്നത് വരെ ആദ്യ ഒരു വർഷം ബെനറ്റായിരുന്നു പ്രധാനമന്ത്രി. തുടർന്ന് പുതിയ തിരഞ്ഞെടുപ്പിലൂടെ നെതന്യാഹു വീണ്ടും അധികാരത്തിൽ വരുന്നത് വരെയുള്ള അവസാന ആറുമാസം ലാപിഡ് കാവൽ പ്രധാനമന്ത്രിയായി ചുമതല വഹിച്ചു.
അതിനുശേഷം ലാപിഡ് ഇസ്രായേലിലെ പ്രതിപക്ഷ നേതാവായി തുടരുമ്പോൾ, ബെനറ്റ് രാഷ്ട്രീയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു.
ഇരുവർക്കും വ്യത്യസ്തമായ ആശയഗതികളാണുള്ളത്. ബെനറ്റ് ഫലസ്തീനികളോട് കടുത്ത നിലപാടുള്ള യാഥാസ്ഥിതിക യഹൂദനാണ്. എന്നാൽ ലാപിഡ് മതനിരപേക്ഷവാദിയും കൂടുതൽ മിതവാദിയുമാണ്. എന്നിരുന്നാലും, അവരുടെ ഹ്രസ്വകാല സഖ്യകാലത്ത് ഇരുവരും അടുത്ത പ്രവർത്തന ബന്ധം പുലർത്തിയിരുന്നു.
തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബെനറ്റും മിതവാദിയായ ലാപിഡും പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും, നെതന്യാഹുവിനെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യമാണ് ഇപ്പോൾ ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ സഖ്യം വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Former two prime ministers unite to take down Netanyahu; Bennett and Lapid set aside differences and form a united front















