ആദ്യ 100 ദിനം പരീക്ഷണം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ, ഓർഡിനറി ബസുകളിൽ മാത്രം

കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള യു.ഡി.എഫ്. സർക്കാരിന്റെ പ്രഖ്യാപനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. ആദ്യത്തെ 100 ദിവസത്തെ യാത്രാ രീതികളും വരുമാന വ്യതിയാനങ്ങളും വിശദമായി പഠിച്ച ശേഷം മാത്രമായിരിക്കും പദ്ധതി മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുക. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് ഈ ധാരണയായത്.

ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വൻ വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആർ.ടി.സി. വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ 100 ദിവസങ്ങളിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സി. കണക്കാക്കുന്നത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഈ സാമ്പത്തിക നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും. കെ.എസ്.ആർ.ടി.സി.ക്കുണ്ടാകുന്ന ഈ അധിക ബാധ്യത എപ്രകാരം നികത്താമെന്നും അതിനായുള്ള ഫണ്ട് എങ്ങനെ കണ്ടെത്താമെന്നും വിശദമായി പഠിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും രണ്ടാം ഘട്ടത്തിൽ ദീർഘദൂര സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Free KSRTC Travel for Women from June 15; Only in Ordinary Buses for First 100 Days

More Stories from this section

family-dental
witywide