ചെക്ക് വെച്ച് ഗവർണർ, സർക്കാർ രൂപീകരിക്കാൻ വിജയ് കേവല ഭൂരിപക്ഷം തെളിയിക്കണം, 118 എംഎൽഎ മാരുടെ കത്ത് വേണമെന്ന് ആർലേക്കർ; തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ നീളും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ തകർപ്പൻ വിജയം നേടിയ വിജയ്‍ക്ക് മുന്നിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്‍ക്ക്, കേവല ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന കർശന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി അധികാരമേൽക്കാമെന്ന വിജയ്‍ന്റെ കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ്.

234 അംഗ നിയമസഭയിൽ 108 സീറ്റുകളിലാണ് വിജയ്‍ന്റെ ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 113 ആയി ഉയർന്നു. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ 5 എംഎൽഎമാരുടെ കൂടി പിന്തുണ വിജയ്‍ക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ 118 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന ഗവർണറുടെ നിർദ്ദേശം വിജയ്‍നെ വെട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ ഗവർണർ അറ്റോർണി ജനറലിന്റെ നിയമോപദേശവും തേടിയിട്ടുണ്ട്.

നിലവിൽ ഡിഎംകെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികളുടെ നിലപാട് വിജയ്‍ന്റെ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. ഇവരുടെ പക്കലുള്ള ആറ് സീറ്റുകൾ കൂടി ലഭിച്ചാൽ മാത്രമേ വിജയ്‍ക്ക് ഭൂരിപക്ഷം തികയ്ക്കാനാകൂ. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ ഈ പാർട്ടികളും ടിവികെ പാളയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിന്തുണ ഉറപ്പാക്കാമെന്ന നീക്കത്തിന് ഗവർണർ തടയിട്ടതോടെ, വരും മണിക്കൂറുകളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ പ്രതീക്ഷിക്കാം.

More Stories from this section

family-dental
witywide