കൊടും ചൂടിനെ പ്രതിരോധിക്കാൻ കേരളം, അതീവ ജാഗ്രതാനിർദേശവുമായി മുഖ്യമന്ത്രി; സംസ്ഥാനത്തുടനീളം തണ്ണീർ പന്തലുകൾ ഉയരും

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ചൂടിനെ പ്രതിരോധിക്കാനുള്ള വിവിധ കർമ്മപദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചത്. പൊതുവിടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ തണ്ണീർ പന്തലുകൾ സജ്ജമാക്കും. വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുടിവെള്ളവും ഒആർഎസ് (ORS) ലായനിയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരോഗ്യ കേന്ദ്രങ്ങളെയും ചൂടിനെ പ്രതിരോധിക്കത്തക്ക രീതിയിൽ (Heat Resilient) മാറ്റും. അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് സംവിധാനം ഒരുക്കാൻ നിർദേശമുണ്ട്. ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്നവരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സിഗ്നൽ സമയം പുനഃക്രമീകരിക്കുന്നത് പരിശോധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കണം. കുടിവെള്ള ക്ഷാമമുള്ള ഇടങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും മഴവെള്ള സംഭരണം ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടുത്ത ചൂടിനെത്തുടർന്ന് ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പാമ്പുകടിക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എല്ലാ പ്രധാന ആശുപത്രികളിലും മതിയായ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തും. ചൂട് വർദ്ധിക്കുന്നത് മൂലമുള്ള വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാനും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സൂര്യാഘാതം ഏൽക്കുന്നവർക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകാനുള്ള ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കും.

Heatwave alert in Kerala: CM Pinarayi Vijayan issues safety guidelines and orders setting up of cooling centers

More Stories from this section

family-dental
witywide