ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ 20 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യതയും കാലാവസ്ഥാ വ്യതിയാനങ്ങളും രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. സെപ്റ്റംബർ 17 മുതൽ 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കൻ തായ്‌ലൻഡിന് മുകളിലുള്ള ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഇത് സെപ്റ്റംബർ 19-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുകയും ചെയ്യും. കൂടാതെ സൗരാഷ്ട്രയ്ക്കും അറബിക്കടലിനും മുകളിലുള്ള ന്യൂനമർദ്ദവും തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെയുള്ള ന്യൂനമർദ്ദ പാത്തിയും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കും.

ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. സെപ്റ്റംബർ 17-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 18-ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. സെപ്റ്റംബർ 19-ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 20-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കാക്കി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Low Pressure Likely Over Bay of Bengal; Heavy Rain and Yellow Alert Predicted in Kerala

More Stories from this section

family-dental
witywide