
ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ അറിയിച്ചു. ഇറാന്റെയും ഒമാന്റെയും സംയുക്ത നിയന്ത്രണത്തിൽ മാത്രം വരുന്നതായിരിക്കും ഈ പുതിയ സംവിധാനം. പുതിയ കരാറിൽ മൂന്നാം കക്ഷികളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെ ഗരീബാദാദി, മുൻപ് ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പുതിയ ധാരണപ്രകാരം പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളുടെ പൂർണ്ണ നിയന്ത്രണം ഇറാനായിരിക്കും. പുറത്തേക്ക് പോകുന്ന കപ്പലുകൾക്ക് ഇറാനെ അറിയിച്ച ശേഷം ക്ലിയറൻസ് നൽകാനുള്ള അധികാരം ഒമാനുമായിരിക്കും. താൽക്കാലിക പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 5 മുതൽ 7 ശതമാനം വരെ ടോൾ ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യമെങ്കിലും 3 ശതമാനം ടോൾ എന്ന നിർദ്ദേശമാണ് ഒമാൻ മുന്നോട്ടുവെക്കുന്നത്. എന്നാൽ ഒരു തരത്തിലുള്ള ടോളും നൽകാനാകില്ലെന്നും ഇറാന് മേൽക്കൈ നൽകുന്ന യാതൊരു ധാരണയും അംഗീകരിക്കില്ലെന്നും അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനുമായി കരാറിലെത്താൻ ശ്രമിക്കുകയാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും നിലവിൽ അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗേയി പറഞ്ഞു. ഇതിനിടെ, ആഗോള ഇന്ധനവിപണിക്കും ചരക്ക് ഗതാഗതത്തിനും പുതിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, മേഖലയിൽ സമാധാനത്തിന് ഭീഷണിയായി ഹൂതികളുടെ ആക്രമണങ്ങളും ലെബനനിൽ ഇസ്രയേലിന്റെ ആക്രമണങ്ങളും തുടരുകയാണ്.
Iran and Oman Reach Agreement on Temporary Shipping Route Through Strait of Hormuz












