കീവിലെ രണ്ടാമത്തെ പ്രധാന പാലത്തിനും റഷ്യൻ ആക്രമണം; റോഡ് ഭാഗത്തിനും ട്രോളിബസ് വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ രണ്ടാമത്തെ പ്രധാന പാലത്തിനും റഷ്യൻ ആക്രമണം. നഗരത്തിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ റഷ്യയുടെ ആക്രമണം ശക്തമാകുന്നതിനിടെയാണ് ശനിയാഴ്ച നോർതേൺ (പിവ്നിച്നി) പാലത്തിന് നേരെ ആക്രമണമുണ്ടായതെന്ന് മേയർ വിതാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ആക്രമണത്തിൽ പാലത്തിലെ റോഡ് ഭാഗത്തിനും ട്രോളിബസ് വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതായും ക്ലിറ്റ്ഷ്കോ പറഞ്ഞു.

ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കീവിലെ മറ്റൊരു പ്രധാന പാലമായ സതേൺ (പിവ്ദെന്നി) പാലത്തിന് നേരെ വ്യാഴം, വെള്ളി ദിവസങ്ങളിൽ റഷ്യൻ ഡ്രോണുകൾ ഒന്നിലധികം തവണ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നോർതേൺ പാലവും ആക്രമിക്കപ്പെട്ടത്. ഇത്തരം ആക്രമണങ്ങൾ കീവിനെ “തകർത്തുകൊണ്ടിരിക്കുകയാണെന്ന്” എന്ന് ക്ലിറ്റ്ഷ്കോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തലസ്ഥാനത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങളാണ് നോർതേണും സതേണും. വ്യാഴാഴ്ചയ്ക്ക് മുമ്പ് ഇവയ്ക്കെതിരെ ആക്രമണമുണ്ടായിരുന്നില്ല. ഇതോടെ കീവിനെതിരായ മോസ്കോയുടെ ആക്രമണ തന്ത്രത്തിൽ പുതിയ ഘട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തലുണ്ട്. വ്യാഴാഴ്ച മുതൽ സതേൺ പാലത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ ഗതാഗതത്തെ സാരമായി ബാധിച്ചു. പാലത്തിലൂടെയുള്ള മെട്രോ, വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഏകദേശം 30 ലക്ഷം പേർ താമസിക്കുന്ന കീവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ വലിയൊരു വിഭാഗം ആളുകളും മെട്രോയെ ആശ്രയിക്കുന്നുണ്ട്.

അതേസമയം, സൈനികരെ മാറ്റുന്നതിനും സൈനിക ആവശ്യങ്ങൾക്കുള്ള ലോജിസ്റ്റിക്സ് നീക്കങ്ങൾക്കും ഉപയോഗിക്കുന്ന പാലമാണ് ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. നഗരത്തിലെ ഒരു ലോജിസ്റ്റിക്സ് കേന്ദ്രവും ആക്രമിച്ചതായി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇക്കാര്യം ക്ലിറ്റ്ഷ്കോ സ്ഥിരീകരിച്ചിട്ടില്ല. സതേൺ പാലത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ കീവ് പ്രതിരോധ കൗൺസിൽ വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു.

റഷ്യ നഗരത്തിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് സംവിധാനങ്ങൾ, വീടുകൾ തുടങ്ങിയവയെ ആക്രമിക്കുന്നതിനാൽ സ്ഥിതി വളരെ നാടകീയമായ ഘട്ടത്തിലാണെന്ന് യോഗത്തിന് ശേഷം ക്ലിറ്റ്ഷ്കോ മുന്നറിയിപ്പ് നൽകി. റഷ്യൻ ഊർജ സംവിധാനങ്ങൾക്കെതിരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ നടപടിയെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം ആക്രമണങ്ങൾക്ക് ആദ്യം തുടക്കമിട്ടത് റഷ്യയാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുക്രെയ്നെ ആക്രമിക്കുമ്പോൾ “ഇനി നിയമങ്ങളൊന്നുമില്ല” എന്ന നിലപാടാണ് പുടിൻ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ചു. റഷ്യക്കാർക്ക് ഞങ്ങളെ കീഴടക്കാൻ കഴിഞ്ഞില്ല. അതിനാൽ ഇപ്പോൾ അവർ വ്യാപകമായ ആക്രമണങ്ങളും കൂട്ടക്കൊലകളും നടത്തുകയാണ് എന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ സെലൻസ്കി പറഞ്ഞു.

ഞങ്ങളുടെ പാലങ്ങൾ, ഡാറ്റാ സെന്ററുകൾ, ഇന്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്കുകൾ, ആശുപത്രികൾ, കിൻഡർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ—എല്ലാം തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ആളുകളെ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നെതിരെ സമ്പൂർണ അധിനിവേശം ആരംഭിച്ചത്.

Russia strikes second major bridge in Kyiv

More Stories from this section

family-dental
witywide