ഇന്ത്യൻ കപ്പലുകൾക്കുനേരെ ഇറാൻ്റെ ആക്രമണം; ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: ഇറാൻ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച രണ്ട് കപ്പലുകൾക്ക് നേരെ  നടത്തിയ വെടിവെപ്പിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.  ശനിയാഴ്ച വൈകുന്നേരം വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ രാജ്യത്തിനുള്ള ആശങ്കയും പ്രതിഷേധവും വിദേശകാര്യ സെക്രട്ടറി ഇറാൻ സ്ഥാനപതിയെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യം ഇറാൻ സ്ഥാനപതിയെ അറിയിച്ച വിദേശകാര്യ സെക്രട്ടറി  ഹോർമുസിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ മുൻപ് നൽകിയ സഹായങ്ങൾ എടുത്തുപറഞ്ഞു. വെടിവെപ്പ് ഉണ്ടായത് ഗുരുതരമായ ഒന്നാണെന്നും ഹോർമുസിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഇറാൻ എത്രയും വേഗം ഉറപ്പാക്കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാട് ഇറാനിലെ ഉന്നത അധികാരികളെ അറിയിക്കാമെന്ന് സ്ഥാനപതി ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഇറാഖിൽ നിന്ന് രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘സൻമാർ ഹെറാൾഡ്,’ സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്ന് വരികയായിരുന്ന ബൾക്ക് കാരിയർ കപ്പലായ ‘ജഗ് അർണവ്’ എന്നിവയ്ക്ക് നേരെയാണ് ശനിയാഴ്ച വെടിവെപ്പുണ്ടായത്. ഒമാൻ ഉൾക്കടലിൽവെച്ച് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡാണ് കപ്പലുകളെ ലക്ഷ്യമാക്കി വെടിയുതിർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, സുരക്ഷാ ഭീഷണിയെത്തുടർന്ന് രണ്ട് കപ്പലുകൾക്കും യാത്ര തുടരാനാകാതെ മടങ്ങേണ്ടിവന്നിരുന്നു.

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസിലൂടെ സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഇറാനിയൻ സ്ഥാനപതി മുഹമ്മദ് ഫതാലി ഉറപ്പ് നൽകിയതിനുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.  ഹോർമുസ് കടലിടുക്കിൽ നിലവിൽ ഇന്ത്യൻ യുദ്ധക്കപ്പലുകളൊന്നുമില്ലെങ്കിലും ഒമാൻ ഉൾക്കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

Iran attacks Indian ships; India summons Iranian ambassador

More Stories from this section

family-dental
witywide