രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വ ആരോപണം ഉന്നയിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. ഹർജിക്കാരനായ ബിജെപി പ്രവർത്തകൻ കഴിഞ്ഞ തവണത്തെ കോടതി വാദങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ജഡ്ജിയുടെ നടപടി. നീതിന്യായ പ്രക്രിയയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നടത്തിയ നിരീക്ഷണങ്ങളെ വളച്ചൊടിച്ചും ജഡ്ജിയെ വ്യക്തിപരമായി പരാമർശിച്ചും ഹർജിക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസ് മറ്റൊരു ബെഞ്ചിന് വിടാൻ ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി തീരുമാനിച്ചത്.
കോടതി നടപടികളിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ കലർത്തുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്. ഹർജി ഇനി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന പുതിയ ബെഞ്ച് പരിഗണിക്കും. രാഷ്ട്രീയ പ്രധാന്യമുള്ള കേസിൽ ജഡ്ജിയുടെ പിന്മാറ്റം നിയമവൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
Judge recuses from hearing plea against Rahul Gandhi in citizenship row














